കൂടൽമാണിക്യം ക്ഷേത്രം: ബാലുവിന്റെ രാജി സ്വീകരിച്ചു, പുതിയ നിയമനം ഉ‌ടൻ

Friday 04 April 2025 4:46 AM IST

കൊച്ചി: ജാതി വിവേചനത്തെ തുടർന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്നൊഴിഞ്ഞ ബി.എ. ബാലുവിന്റെ രാജി ദേവസ്വം സ്വീകരിച്ചു. ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് തീരുമാനം. അടുത്തയാഴ്ച പുതിയ നിയമനത്തിനുള്ള നടപടികളിലേക്ക് കടക്കും. യോഗത്തിൽ തന്ത്രികുടുംബങ്ങളുടെ പ്രതിനിധി ഗോവിന്ദൻ നമ്പൂതിരി പങ്കെടുത്തില്ല.

റാങ്ക് ലിസ്റ്റിലെ രണ്ടാമത്തെ ഊഴം ഈഴവ സംവരണമാണ്. ഇനിയും തന്ത്രിമാർ വിവേചനവും ബഹിഷ്കരണവും തുടർന്നാൽ കർക്കശ നടപടികളിലേക്ക് കടക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

കഴകക്കാരൻ ഏതു സമുദായാംഗമായാലും സഹകരിക്കുമെന്ന് പടിഞ്ഞാറേമന കുടുംബം വ്യക്തമാക്കി. മറ്റുള്ളവർ ക്ഷേത്രബഹിഷ്കരണ സമരം നടത്തിയാൽ ഈ കുടുംബത്തെക്കൊണ്ട് തന്ത്രം ചെയ്യിക്കാനാണ് ആലോചന. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പടിഞ്ഞാറേമന കുടുംബത്തിനാണ് താന്ത്രിക കർമ്മങ്ങളുടെ ചുമതല. ആറ് തന്ത്രിമാരും നിസഹകരിച്ചാൽ പുതിയ തന്ത്രിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കണമെന്നും നിർദ്ദേശമുണ്ടായി. യോഗത്തിൽ ചെയർമാൻ അഡ്വ.സി.കെ. ഗോപി അദ്ധ്യക്ഷത വഹിച്ചു.