കൊച്ചി മെട്രോ മഹാരാജാസ് മുതൽ തെെക്കുടം വരെ, പുതിയ പാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു
കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി, കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിംഗ് പുരി, മന്ത്രിമാരായ എം.എം മണി, എ.കെ ശശീന്ദ്രൻ,കൊച്ചി മേയർ സൗമിനി ജയിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റർ പാതയാണ് മുഖ്യമന്ത്രി യാത്രക്കാർക്കായി തുറന്നുകൊടുത്തത്.
മഹാരാജാസ് കോളേജ് മുതൽ തൈക്കുടം വരെയുളള അഞ്ചര കിലോമീറ്റർ മെട്രോ പാതയിൽ പരിശോധന നടത്തിയ ശേഷം മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണറാണ് പുതിയ പാതയ്‌ക്ക് അനുമതി നൽകിയത്. ഇതോടെ മെട്രോ പാതയുടെ ആകെ ദൈർഘ്യം 23.81 കിലോമീറ്ററാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തേക്ക് മെട്രോയുടെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവാണ് വരുത്തിയിട്ടുള്ളത്. ഏഴ് മിനിറ്റിന്റെ ഇടവേളയിലാണ് ട്രെയിൻ സർവീസ്. ആലുവയിൽ നിന്ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്ക് എത്താൻ 33 മിനിറ്റെടുക്കും. തൈക്കുടത്തേക്ക് തുടക്കത്തിൽ വേഗം കുറവായിരിക്കും. ഒരു മാസത്തോളം ഇത്തരത്തിൽ കുറഞ്ഞ വേഗത്തിലായിരിക്കും സർവീസ്.
അതേസമയം, കൊച്ചി ജല മെട്രോ ഡിസംബറിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 19 ബോട്ട് ജെട്ടികളാണ് ഉണ്ടാവുക. റോഡ് ഗതാഗതത്തിന്റെ നാലിൽ ഒരു സമയംകൊണ്ട് യാത്ര പൂർത്തീകരിക്കാനാകും. കൊച്ചിക്ക് ചുറ്റുമുള്ള 76 കിലോമീറ്റർ കായൽപ്പരപ്പിലൂടെയാകും ജല മെട്രോ സർവീസ് നടത്തുക.
യൂണിയനുണ്ട്, പണിമുടക്കില്ല
കൊച്ചി മെട്രോയിലെ ജീവനക്കാർക്കും കുടുംബശ്രീ ജീവനക്കാർക്കും യൂണിയനുകളുണ്ടെങ്കിലും പണിമുടക്കില്ല. കെ.എം.ആർ.എല്ലിലെ ജീവനക്കാരുടെ സംഘടനയാണ് ഏറ്റവുമൊടുവിൽ രൂപീകരിച്ചത്. കൊച്ചി മെട്രോ എംപ്‌ളോയീസ് യൂണിയൻ എന്ന സംഘടന സി.ഐ.ടി.യുവിന്റെ ഭാഗമാണ്. ആഗസ്റ്റ് രണ്ടിന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സംഘടനയിൽ ഇരുന്നൂറോളം പേർ അംഗങ്ങളാണ്. 600 ജീവനക്കാരാണ് കെ.എം.ആർ.എല്ലിനുള്ളത്. ജീവനക്കാരുടെ ക്ഷേമമാണ് ലക്ഷ്യം, സമരമല്ലെന്ന് യൂണിയൻ സെക്രട്ടറി എം.എം. സിബി പറഞ്ഞു. ദേശീയ പൊതുപണിമുടക്കിൽ ഉൾപ്പെടെ യൂണിയൻ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു.
അതിശയിപ്പിക്കുന്ന കാന്റിലിവർ പാലം
ആകാശത്ത് 90 മീറ്റർ നീളത്തിൽ വളഞ്ഞുപോകുന്ന കാന്റിലിവർ പാലമാണ് പുതിയ പാതയിലെ മുഖ്യആകർഷണം. എറണാകുളം സൗത്ത് റെയിൽവേ ട്രാക്കിന് കുറുകെയാണ് കാന്റിലിവർ പാലം പണിതിട്ടുള്ളത്. തൂണില്ലാതെ ആകാശത്ത് ഉയർന്ന് നിൽക്കുന്ന 'ബാലൻസ്ഡ് കാന്റിലിവർ' ഇരുവശത്തു നിന്ന് നിർമ്മാണം നടത്തി കൂട്ടിമുട്ടിക്കുകയായിരുന്നു. തൂണില്ലാതെയുള്ള 90 മീറ്റർ ഉൾപ്പെടെ കാന്റിലിവർ പാലത്തിന് 220 മീറ്റർ നീളമുണ്ട്. വീതി 9.24 മീറ്റർ. 58 കോടി രൂപയാണ് നിർമാണത്തിന് ചെലവായത്. 2016 ജനുവരിയിൽ നിർമാണം തുടങ്ങി 2018 നവംബറിൽ പൂർത്തിയാക്കി. റെയിൽവേയുടെ പ്രവർത്തനത്തെ തടസപ്പെടുത്താതെയായിരുന്നു നിർമാണം. ഏറ്റവും വെല്ലുവിളി നിറഞ്ഞ നിർമാണങ്ങളിലൊന്നു കൂടിയായിരുന്നു ഇത്.
പുത്തൻ തീമുകളിൽ സ്റ്റേഷനുകൾ
ആലുവ മുതൽ മഹാരാജാസ് കോളേജ് വരെയുള്ള സ്‌റ്റേഷനുകൾക്ക് സമാനമായി വിവിധ തീമുകളിലാണ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുള്ളത്. സൗത്ത് സ്റ്റേഷൻ സുന്ദരമാക്കുന്നത് വിനോദസഞ്ചാരം അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാമാണ്. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഈ സ്റ്റേഷനിലുണ്ടാകും. കേരളത്തിന്റെ മാദ്ധ്യമചരിത്രമാണ് കടവന്ത്ര സ്റ്റേഷന്റെ ചുവരുകളെ അലങ്കരിക്കുന്നത്. കേരളത്തിന്റെ 'ഉരു' നിർമാണ പാരമ്പര്യമാണ് എളംകുളം സ്റ്റേഷൻ സൗന്ദര്യവത്കരണത്തിന്റെ പ്രധാന ആശയം. സിനിമയുടെ ചരിത്രത്തെ ആസ്പദമാക്കിയാണ് വൈറ്റില സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ തനത് രുചികളാണ് തൈക്കൂടം സ്റ്റേഷനിലെ കാഴ്ച.