അമ്മ എത്താൻ വൈകി സ്കൂളിൽ നിന്നിറങ്ങി എട്ടു വയസുകാരൻ നടന്നത് 6 കി.മീറ്റർ
തിരുവനന്തപുരം: അമ്മ എത്താൻ അല്പം വൈകിയതിനെ തുടർന്ന് പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയ 8 വയസുകാരൻ വെഞ്ഞാറമൂട്ടിലെ വീട് ലക്ഷ്യമാക്കി തിരക്കേറിയ റോഡിലൂടെ ഒറ്റയ്ക്ക് നടന്നത് ആറ് കിലോമീറ്റർ. വിദ്യാർത്ഥി ഇറങ്ങിപ്പോയത് സ്കൂൾ അധികൃതർ അറിഞ്ഞില്ല. അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആറു കിലോമീറ്റർ അകലെ മണ്ണന്തലയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
വെഞ്ഞാറമൂട് സ്വദേശിയായ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് എൽ.എ.ടി (ലേണേഴ്സ് അച്ചീവ്മെന്റ് ടെസ്റ്റ്) പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ സ്കൂളിൽ നിന്ന് ഇറങ്ങി നടന്നത്. മഴയും ഗതാഗതക്കുരുക്കും കാരണം സമയത്ത് സ്കൂളിലെത്താൻ അമ്മയ്ക്കായില്ല. 20 മിനിറ്റോളം വൈകിയാണ് എത്തിയത്.
മകനെ കാണാത്തതിനെ തുടർന്ന് സ്കൂളിലെ സി.സി ടിവി പരിശോധിച്ചപ്പോൾ അദ്ധ്യാപകനും മറ്റ് കുട്ടികൾക്കുമൊപ്പം സ്കൂൾ വളപ്പിൽ അല്പനേരം നിൽക്കുന്നതായും മഴ പെയ്തപ്പോൾ റെയിൻ കോട്ട് ധരിച്ച് കുട്ടി ഗേറ്റിനടുത്തേക്ക് നടക്കുന്നതായും കണ്ടു. അമ്മയെ കാത്ത് കുട്ടി ഗേറ്റിനടത്ത് 15 മിനിറ്റോളം നിന്നത് സെക്യൂരിറ്റി കണ്ടിരുന്നു. അതിനിടെയാണ് പട്ടം, കേശവദാസപുരം വഴി കുട്ടി നടന്നുപോയത്.
അമ്മ പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ മണ്ണന്തല അരുവിയോട് ഭാഗത്തുകൂടി നടന്നുപോകുന്ന കുട്ടിയെ കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിയിച്ചിട്ടും താമസിച്ചെത്തിയതിന് തന്നെ സ്കൂൾ അധികൃതർ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു. അതേസമയം, സ്കൂളിനടുത്തുള്ള കടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്നും ബന്ധുക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.