രാജ്യസഭയിൽ കൊമ്പുകോർത്ത് ബ്രിട്ടാസും സുരേഷ്‌ ഗോപിയും

Friday 04 April 2025 12:32 AM IST

ന്യൂഡൽഹി: രാജ്യസഭയിൽ വഖഫ് ബിൽ ചർച്ചയ്‌ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

ബോൺ ബ്രിട്ടാസും ഏറ്റുമുട്ടി. എമ്പുരാൻ വിഷയം ബ്രിട്ടാസ് എടുത്തിട്ടതും തൃശൂരിൽ വോട്ടർമാർക്ക് തെറ്റുപറ്റിയെന്നു പറഞ്ഞതുമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ടി.പി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമകൾ റീസ്ക്രീനിംഗ് ചെയ്‌തിട്ട് എമ്പുരാനെ കുറിച്ച് വിലപിക്കാനായിരുന്നു ഉപദേശം.

ബി.ജെ.പി വിഷം വമിപ്പിക്കുകയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തുന്നവർക്ക് ജാതി മത ഭേദമില്ലാതെ ഏവരും ഭക്ഷണവും സൗകര്യവും ഒരുക്കുന്നു. അതാണ് കേരളത്തിന്റെ സംസ്‌കാരം. ക്രിസ്ത്യാനികളുടെ പേരിൽ ചിലർ മുതലക്കണ്ണീരൊഴുക്കുന്നു. എമ്പുരാനിലെ മുന്നയെ ബി.ജെ.പി ബെഞ്ചുകളിൽ കാണാം. മുന്നയെ കേരളം തിരിച്ചറിയും. നേമത്തെ അക്കൗണ്ട് പൂട്ടിയതു പോലെ മറ്റൊരു അക്കൗണ്ടും പൂട്ടിക്കുമെന്ന് തൃശൂരിനെ പരോക്ഷമായി സൂചിപ്പിച്ച് ബ്രിട്ടാസ് പറഞ്ഞു. മുനമ്പത്തെ ഒരാൾക്ക് പോലും വീടു നഷ്‌ടപ്പെടില്ല. എൽ.ഡി.എഫ് സർക്കാർ നൽകുന്ന ഉറപ്പാണെന്നും പറഞ്ഞു.

മുനമ്പത്ത് 600ൽപ്പരം കുടുംബങ്ങളെ ചതിയിൽപ്പെടുത്തിയിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. 800ലേറെ പേരെ സി.പി.എം കൊന്നൊടുക്കിയെന്നും ആരോപിച്ചു.

തരംതാഴ്ന്ന രാഷ്ട്രീയ വൈരം കാണിക്കാനുള്ള സ്ഥലമല്ല പാർലമെന്റെന്നും, പരാമർശങ്ങൾ നീക്കണമെന്നും സി.പി.ഐയുടെ പി. സന്തോഷ്‌കുമാർ ആവശ്യപ്പെട്ടു. കറുത്ത ഷർട്ടണിഞ്ഞാണ് സി.പി.എം അംഗങ്ങളായ ബ്രിട്ടാസ്, വി. ശിവദാസൻ, എ.എ. റഹീം എന്നിവർ സഭയിലെത്തിയത്.