സംഘപരിവാറിന് സംസ്ഥാനം കുടപിടിക്കുന്നു: സതീശൻ

Friday 04 April 2025 12:36 AM IST

കൊച്ചി: വഖഫ് ഭേദഗതി ബില്ലിനെ മുനമ്പവുമായി കൂട്ടിയിണക്കി രണ്ടു ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ അജൻഡയ്‌ക്ക് കുടപിടിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വഖഫ് ബിൽ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകില്ല. ബില്ലിന് മുൻകാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബോർഡുമായി കൂടിയാലോചിച്ച് മുനമ്പത്തെ തർക്കം പരിഹരിക്കാൻ സംസ്ഥാന സർക്കാരിനു കഴിയുമെങ്കിലും കമ്മിഷനെ നിയമിച്ച് കൂടുതൽ സങ്കീർണമാക്കി. മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന നിലപാട് പാണക്കാട് തങ്ങളടക്കം എറണാകുളത്തെ രൂപതാ ആസ്ഥാനത്തെത്തി വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നാണ് കോൺഗ്രസ് നിലപാട്. വഖഫ് ബിൽ ഭരണഘടനാവിരുദ്ധമാണ്. പാർലമെന്റിന്റെ ഇരുസഭകളിലും സംയുക്ത പാർലമെന്ററി സമിതി മുമ്പാകെയും കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മാദ്ധ്യമങ്ങളോട് സതീശൻ പറഞ്ഞു.