വഖഫ് ബിൽ: എതിർത്ത് വെട്ടിലായി കേരള കോൺഗ്രസ്
കോട്ടയം: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന കെ.സി.ബി.സി നിലപാട് തള്ളി പാർലമെന്റിൽ ബില്ലിനെതിരായി വോട്ട് ചെയ്തതോടെ കേരള കോൺഗ്രസ് മാണി, ജോസഫ് ഗ്രൂപ്പുകൾ വെട്ടിലായി. ഇരു ഗ്രൂപ്പുകളുടെയും വോട്ടുബാങ്കാണ് ക്രൈസ്തവർ.
ബില്ലിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഒഫ് ഇന്ത്യയും പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ് എന്നിവർ എതിർത്ത് വോട്ട് ചെയ്തു. ഇതിൽ കടുത്ത രോഷത്തിലാണ് കെ.സി.ബി.സി നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമെന്നാണ് ആശങ്ക. പ്രത്യേകിച്ച് മുനമ്പം വിഷയം കത്തിനിൽക്കുമ്പോൾ.
ഫ്രാൻസിസ് ജോർജ് എം.പിയുടെ കോട്ടയത്തെ ഓഫീസിലേക്ക് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഇരുവർക്കും മുസ്ലിം പ്രീണനനയമെന്ന് കാട്ടി സമരം കടുപ്പിച്ച് ക്രൈസ്തവ മേഖലയിൽ സ്വാധീനമുറപ്പിക്കാനാണ് ബി.ജെ.പി ശ്രമം. കേരളത്തിൽ ക്രൈസ്തവ വോട്ടുകൾ പരമ്പരാഗതമായി യു.ഡി.എഫ് കുത്തകയാണ്. കേരള കോൺഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയിലെത്തിയപ്പോൾ ചെറിയ അടിയൊഴുക്കുണ്ടായി. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആ വോട്ടുകൾ യു.ഡി.എഫിലേക്ക് തിരിച്ചെത്തി.