ഇഴഞ്ഞിഴഞ്ഞ് ദേശീയപാത നിർമ്മാണം, റോഡിൽ കുരുങ്ങി യാത്രക്കാർ

Friday 04 April 2025 12:46 AM IST

ദേശീയപാത നിർമ്മാണം നടക്കുന്ന തിരുവങ്ങൂർ ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കുണ്ടായ ഗതാഗതക്കുരുക്ക്

കോഴിക്കോട് : ദേശീയപാത പാത നിർമ്മാണത്തിന് വേഗം കുറഞ്ഞതോടെ കോഴിക്കോട്- കണ്ണൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം. തിരുവങ്ങൂർ ഭാഗത്ത് കണ്ണൂർ, തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ദീർഘദൂര ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം കുരുങ്ങുന്നത്. തിരുവങ്ങൂർ മുതൽ പൊയിൽക്കാവ് വരെയുള്ള റോഡ് കടക്കാൻ മുക്കാൽ മണിക്കൂറെങ്കിലും വേണം !. കഴിഞ്ഞ ദിവസം ആംബുലൻസ് കുരുക്കിൽ പെട്ടതായി നാട്ടുകാർ പറയുന്നു. അവധിക്കാലമായതോടെ റോഡിൽ തിരക്കേറിയിരിക്കുകയാണ്. ദേശീയപാത 66ൽ വെങ്ങളം മേൽപ്പാലം തുറന്നതോടെ ഇതുവഴി നിരവധി വാഹനങ്ങളാണ് തിരുവങ്ങൂർ ഭാഗത്തേക്ക് എത്തുന്നത്. ഈ വാഹനങ്ങളും കോഴിക്കാട് -കണ്ണൂർ റോഡിലൂടെ വരുന്ന വാഹനങ്ങളും അത്തോളി ഭാഗത്തുനിന്ന് തിരുവങ്ങൂർ ജംഗ്ഷനിലേക്കെത്തുന്ന വാഹനങ്ങളുമെല്ലാം പിന്നീട് കടന്നുപോകുന്നത് വീതി കുറഞ്ഞ സർവീസ് റോഡിലൂ‌‌ടെയാണ്. ഇതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ഗതാഗത നിയന്ത്രണത്തിന് യാതൊരു സംവിധാനവും ഈ ഭാഗത്തില്ല. പലപ്പോഴും, നാട്ടുകാരും ബസ് ജീവനക്കാരും മുൻകൈയെടുത്താണ് ഗതാഗതം സുഖമമാക്കുന്നത്.

-- ദേശീയപാത നിർമ്മാണത്തിന് വേഗം പോര

അഴിയൂർ- വെങ്ങളം റീച്ചിൽ ദേശീയപാത നിർമ്മാണം എന്ന് തീരുമെന്നറിയാതെ ഇഴയുകയാണ്. ഇതുവരെ പൂർത്തിയായത് 50 ശതമാനം ജോലികളാണ്. പണി പുരോഗമിക്കുന്ന 40.8 കിലോമീറ്റർ ദൂരത്തിൽ പലയിടത്തും ഫ്ലെെ ഓവർ നിർമാണം പൂർത്തിയാവാനുണ്ട്. മണ്ണ് കിട്ടാനില്ലാത്തതും അശാസ്ത്രീയ നിർമ്മാണവും ഉൾപ്പെടെ വെല്ലുവിളികൾ പലതാണ്. അതേസമയം വെങ്ങളം - രാമനാട്ടുകര റീച്ചിലെ പ്രവൃത്തികൾ വളരെ വേഗത്തിൽ നടക്കുന്നുമുണ്ട്.

-- വീതിയില്ലാതെ സർവീസ് റോഡുകൾ

അഴിയൂർ മുതൽ വെങ്ങളം വരെയുള്ള 40.8 കിലോമീറ്റർ ദൂരത്തിൽ ആവശ്യത്തിന് അടിപ്പാതകളോ, സർവീസ് റോഡുകൾക്ക് പലയിടത്തും നേരത്തെ പ്രഖ്യാപിച്ച വീതിയോ ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ദേശീയപാത അതോറിറ്റിയുടെ രൂപരേഖയനുസരിച്ച് 5.5 മീറ്റർ വീതിയിൽ സർവീസ് റോഡ്, ഒരു മീറ്റർ വീതിയിൽ ഡ്രൈനേജ്, 1.5 മീറ്റർ വീതിയിൽ ഫൂട്ട്പാത്ത് എന്നിങ്ങനെയാണ് ക്രമീകരിക്കേണ്ടത്. സർവീസ് റോഡിന്റെ വീതിക്കുറവ് കാരണം ഇരുചക്രവാഹനങ്ങൾ പലപ്പോഴും ഫൂട് പാത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് കാൽനടയാത്രക്കാർക്കും വലിയ പ്രയാസമാണ്. ഡ്രൈനേജ് നിർമാണം നടക്കാത്തതിനാൽ കഴിഞ്ഞ ആഴ്ചകളിലുണ്ടായ കനത്ത വേനൽമഴയിൽ പ്രദേശത്തെ പല വീടുകളിലും വെള്ളം കയറി.

'' വെങ്ങളം മേൽപ്പാലം തുറന്നതോടെ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രദേശത്ത് ട്രാഫിക് പൊലീസിന്റെ സേവനം ആവശ്യമാണ്.

- എം.പി മൊയ്തീൻ കോയ ( പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം )