ചിന്നസ്വാമിയിലെ സിറാജാഹ്ളാദം
ഏഴ് വർഷം സ്വന്തമായിരുന്ന ടീമിനെതിരെ കളിക്കാനിറങ്ങുമ്പോൾ മുഹമ്മദ് സിറാജ് സമ്മർദ്ദത്തിലായിരുന്നു. പക്ഷേ പന്തെറിഞ്ഞുതുടങ്ങിയപ്പോൾ തന്റെ പഴയ ഹോംഗ്രൗണ്ടിൽ എതിരാളികളെ വീഴ്ത്തുകയെന്നത് മാത്രമായി മനസിൽ. കഴിഞ്ഞ രാത്രി ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർ.സി.ബിയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് മുൻ ആർ.സി.ബി താരമായ സിറാജ് ഗുജറാത്ത് ടൈറ്റാൻസിന് വേണ്ടി മാൻ ഒഫ് ദ മാച്ചായത്.
തന്റെ ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ ദേവ്‌ദത്ത് പടിക്കലിനെ(4) ക്ളീൻ ബൗൾഡാക്കിയാണ് സിറാജ് തുടങ്ങിയത്. അടുത്ത ഓവറിൽ ഫിൽ സാൾട്ടിന്റെ (14) കുറ്റിയും തെറിപ്പിച്ചു. 54 റൺസുമായി ആർ.സി.ബിയുടെ ടോപ് സ്കോററായ ലിയാം ലിവിംഗ്സ്റ്റണിനെ 19-ാം ഓവറിൽ വിക്കറ്റ് കീപ്പർ ബട്ട്‌ലറുടെ കയ്യിലെത്തിച്ചതും സിറാജാണ്. മൂന്നോവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് സിറാജിനെ മത്സരത്തിലെ മികച്ച താരമാക്കി മാറ്റിയതും.
ഈ സീസണിലെ തങ്ങളുടെ ആദ്യ തോൽവിയിലേക്കാണ് സിറാജ് ആർ.സി.ബിയെ തള്ളിവിട്ടത്.ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബിക്ക് 169/8 എന്ന സ്കോറിലേക്കേ എത്താനായുള്ളൂ. മറുപടിക്കിറങ്ങിയ ഗുജറാത്ത് ബട്ട്‌ലർ (73*), സായ് സുദർശൻ (49), റൂതർഫോഡ് (30*) എന്നിവരുടെ പോരാട്ട മികവിൽ 17.5 ഓവറിൽ ലക്ഷ്യത്തിലെത്തി.