കറ്റാലക്കാലത്തിലേക്ക് ബ്ളാസ്റ്റേഴ്സ്

Friday 04 April 2025 12:23 AM IST

കൊച്ചി: സൂപ്പർകപ്പ്, ഐ.എസ്.എൽ എന്നിവയിൽ കിരീടങ്ങൾ നേടാൻ തന്ത്രങ്ങളിൽ മാറ്റം വരുത്തുന്നതിനു പുറമെ, ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് വിപുലമാക്കാനും ഒരുങ്ങുകയാണ് കേരള ബ്ളാസ്റ്റേഴ്സ്. മുഴുവൻ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമിനെ ഒരുക്കുമെന്ന് സ്പെയ്ൻകാരനായ പുതിയ കോച്ച് ഡേവിഡ് കറ്റാല പറഞ്ഞു. ടീമിന് മറ്റൊരു ഹോം ഗ്രൗണ്ട് പരിഗണിക്കുമെന്ന് സി.ഇ.ഒ അഭിക് ചാറ്റർജിയാണ് അറിയിച്ചത് .

വെല്ലുവിളികളും സാദ്ധ്യതകളും ഒരുപോലെയുണ്ടെന്ന് കോച്ച് പറഞ്ഞു. ആരാധകർ കൂടുമ്പോൾ സ്വാഭാവികമായും സമ്മർദ്ദം കൂടും. ആരാധകരെ സന്തോഷിപ്പിക്കുകയും ആഗ്രഹങ്ങൾക്കനുസരിച്ച് കളിക്കുകയുമാണ് ടീമിന്റെ സ്വപ്‌നം. കൂട്ടത്തോടെ കളി കാണാൻ വരുന്നവർക്ക് സന്തോഷത്തോടെ മടങ്ങാനുള്ള അവസരമൊരുക്കും. അതിനായി പരമാവധി പരിശ്രമിക്കും. സാദ്ധ്യതകളുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഓരോ കളിക്കാരുടെയും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനുള്ള പരിശ്രമിക്കും.

മുൻകാലം തന്റെ മുമ്പിലില്ല. കളിക്കാരുടെ പൊസിഷനുകൾ ആവശ്യമെങ്കിൽ മാറ്റും. പ്രതിരോധത്തിലുൾപ്പെടെ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം പരിഹരിക്കണം. കളിക്കാരിൽ നിന്ന് നൂറ് ശതമാനം അർപ്പണം പ്രതീക്ഷിക്കുന്നു. സ്വന്തം ടീമെന്ന പൂർണബോദ്ധ്യവും ആത്മാർത്ഥതയും പ്രധാനമാണ്.

ടീമുമായി പരിശീലനം ആരംഭിച്ചു. എല്ലാവരോടും നേരിട്ട് സംസാരിച്ചു. സൂപ്പർകപ്പിനായി എല്ലാവരും ഫിറ്റാണ്, പരിക്കുകളൊന്നുമില്ല. സൂപ്പർ കപ്പിലേക്കും അടുത്ത സീസണിലേക്കുമുള്ള പരിശീലനത്തിലാണ് ശ്രദ്ധ. കിരീടം നേടാനാകുന്ന ടീമിനെയാണ് തയ്യാറാക്കുന്നതെന്ന് കറ്റാല പറഞ്ഞു.

ആരാധകരുടെ സൗകര്യപ്രകാരമാണ് കോഴിക്കോടിനെ ഹോം മാച്ചുകൾക്ക് പരിഗണിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന് മലബാറിൽ വലിയ ആരാധകക്കൂട്ടമുണ്ടെന്ന് അഭിക് ചാറ്റർജി പറഞ്ഞു.മറ്റു കാര്യങ്ങൾ ശരിയായാൽ അടുത്ത ഐ.എസ്.എൽ സീസണിൽ ചില മത്സരങ്ങൾ കോഴിക്കോട്ടും നടത്തും.