ചരക്ക് കപ്പൽ എത്തിയിട്ട് ഒരുവർഷം: കൊല്ലം പോർട്ടിൽ തുരുമ്പെടുത്ത് കോടികളുടെ ഉപകരണങ്ങൾ

Friday 04 April 2025 12:38 AM IST

കൊല്ലം: ചരക്ക് കപ്പലുകളെത്താത്തതിനാൽ ചരക്ക് നീക്കത്തിനുള്ള കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ കൊല്ലം പോർട്ടിൽ ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നു. പത്ത് ഏക്കർ വിസ്തൃതിയുള്ള യാർഡും നയാപൈസ വാടക കിട്ടാതെ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്.

കഴിഞ്ഞ ഏപ്രിൽ 16നാണ് കൊല്ലം പോർട്ടിൽ ഏറ്റവും ഒടുവിൽ ചരക്ക് കപ്പൽ എത്തിയത്. തുടർച്ചയായി ചരക്ക് കപ്പലുകൾ എത്തുമെന്ന പേരിൽ 12 വർഷം മുമ്പാണ് കോടികൾ മുടക്കി ചരക്ക് നീക്കത്തിനുള്ള ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയത്. എന്നാൽ അതിന് ശേഷം വിരലിലെണ്ണാവുന്ന ചരക്ക് കപ്പലുകൾ മാത്രമാണ് കൊല്ലം പോർട്ടിൽ എത്തിയത്.

കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ നാലുവർഷം മുമ്പ് നടന്ന തീരദേശ കപ്പൽ സർവീസിന്റെ ഭാഗമായും ഒരു തവണ മാത്രമേ കൊല്ലത്ത് കപ്പൽ എത്തിക്കാൻ കഴിഞ്ഞുള്ളു. എമിഗ്രേഷൻ ചെക്ക് പോയിന്റ് ഇല്ലാത്തതാണ് കൊല്ലം പോർട്ടിലേക്ക് കപ്പൽ എത്താത്തതിന്റെ കാരണമായി നേരത്തെ പറഞ്ഞിരുന്നത്.

ഐ.സി.പി ആനുവദിച്ച് മാസങ്ങളായിട്ടും ഒരു കപ്പൽ പോലും എത്തിയില്ല. ഷെൽട്ടർ, ബങ്കറിംഗ് എന്നിവയ്ക്കായി ലൈറ്റ് ഹൗസ് വകുപ്പിന്റെ കപ്പൽ മാത്രമാണ് ഇടയ്ക്കിടെ എത്തുന്നത്. ലക്ഷദ്വീപിലേക്കുള്ള ഫയർഫോഴ്സിന്റെ പ്രതിരോധ സാമഗ്രികളുമായാണ് കൊല്ലം പോർട്ടിൽ ഏറ്റവും ഒടുവിൽ ചരക്ക് കപ്പൽ എത്തിയത്.

മടക്ക ചരക്ക് ചതിച്ചു

 കൊല്ലത്തേക്ക് ഭക്ഷ്യവസ്തുക്കൾ, നിർമ്മാണ സാമഗ്രികൾ എന്നിവ എത്തിക്കാൻ ഷിപ്പിംഗ് ഏജൻസികളുണ്ട്

 എന്നാൽ തിരിച്ചുകൊണ്ടുപോകാൻ ചരക്ക് ഇല്ല

 കൊല്ലത്തേക്കുള്ള നിർമ്മാണ സാമഗ്രികൾ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നു

 കൊല്ലത്ത് നിന്ന് കാലിയായി മടങ്ങേണ്ടിവരുന്നത് വൻ നഷ്ടമുണ്ടാക്കും

 അതിനാൽ ഏജൻസികൾ കൊല്ലത്തേക്ക് ചരക്ക് കപ്പലുകൾ കൊണ്ടുവരില്ല

 മടക്കച്ചരക്ക് ഉറപ്പാക്കാൻ പോർട്ട് അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടൽ ഇല്ല

ചരക്ക് നീക്കത്തിനുള്ള ഉപകരണങ്ങൾ  40 അടി കണ്ടെയ്നർ ഹാൻഡിലിംഗ് ക്രെയിൻ  റീച്ച് സ്റ്റാക്കർ

 5 ടൺ മൊബൈൽ ക്രെയിൻ

 വേയിംഗ് മെഷീൻ

ടൈൽസ്, ഗ്രാനൈറ്റ് തുടങ്ങിയ നിർമ്മാണ സാമഗ്രികൾ കൊല്ലത്തേക്ക് കപ്പലിൽ കൊണ്ടുവരാം. പക്ഷെ മടക്കചരക്ക് ലഭിച്ചില്ലെങ്കിൽ സർവീസ് വലിയ നഷ്ടമാകും.

സ്വകാര്യ ഷിപ്പിംഗ് ഏജന്റ്