കോർപ്പറേഷൻ ഓഡിറ്റ് റിപ്പോർട്ട്: കേന്ദ്ര ഹെൽത്ത് ഗ്രാൻഡിൽ 6.61 കോടി കെട്ടിക്കിടക്കുന്നു
കൊല്ലം: ആരോഗ്യ പരിരക്ഷാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പതിനഞ്ചാം ധനകാര്യ കമ്മിഷനിൽ നിന്ന് 2021-22 സാമ്പത്തിക വർഷം മുതൽ കൊല്ലം കോർപ്പറേഷന് അനുവദിച്ച പണത്തിൽ 6.61 കോടി ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആകെ അനുവദിച്ച തുകയുടെ 17.65 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
അർബൻ വെൽനെസ് സെന്ററുകളുടെ അടിസ്ഥാന സൗകര്യ വികസനം, പാലിയേറ്റീവ് പരിചരണം, വിവിധ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് ഫണ്ട് വിനിയോഗിക്കേണ്ടത്. ഇതിൽ വിവിധ പദ്ധതികൾക്കായി കൊല്ലം കോർപ്പറേഷൻ പിൻവലിച്ച 1.35 കോടിയിൽ 24 ലക്ഷം രൂപ ചെലവഴിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
കമ്പനികൾക്ക് പണം, പക്ഷേ മരുന്നില്ല
പാലത്തറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് മരുന്ന് വാങ്ങാൻ 2023-24 സാമ്പത്തികവർഷം സ്വകാര്യ ഏജൻസിക്ക് 20 ലക്ഷം രൂപ നൽകിയെങ്കിലും 17.43 ലക്ഷം രൂപയുടെ മരുന്നേ ലഭ്യമാക്കിയുള്ളുവെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ബാക്കി മരുന്നിന്റെ കാര്യം കോർപ്പറേഷനോട് ഓഡിറ്റ് ഉദ്യോഗസ്ഥർ ആരാഞ്ഞെങ്കിലും കൃത്യമായ മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കിളികൊല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കെ.എം.എസ്.സി.എല്ലിന് കൈമാറിയ പണത്തിനുള്ള പൂർണമായ മരുന്നും ലഭിച്ചിട്ടില്ല. ഇതേ വർഷം വിവിധ ഹോമിയോ ആശുപത്രികൾക്ക് മരുന്നിനായി കൈമാറിയ 14 ലക്ഷം രൂപയിൽ 6.82 ലക്ഷം രൂപയുടെ മരുന്നുകൾ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ്
അദ്യഗഡു ലഭിച്ചത്-2021- 22ൽ
ആകെ അനുവദിച്ചത് ₹ 7.67 കോടി
ബാങ്കിൽ നിന്ന് പിൻവലിച്ചത് ₹ 1.35 കോടി
കെട്ടിക്കിടക്കുന്നത് ₹ 6.61 കോടി