അധിക ട്രെയിൻ-ബസ് സർവീസുകൾ അനുവദിക്കണം: ബിന്ദു കൃഷ്ണ

Friday 04 April 2025 12:43 AM IST

കൊല്ലം: വരാനിരിക്കുന്ന വിഷു- ഈസ്റ്റർ അവധിക്കാലത്ത് സംസ്ഥാനത്തേക്ക് അധിക ട്രെയിൻ-ബസ് സർവീസുകൾ അനുവദിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. അവധി ദിവസങ്ങൾക്ക് മുമ്പുള്ള ട്രെയിൻ സർവീസുകളെല്ലാം ബുക്കിംഗ് കഴിഞ്ഞിരിക്കുന്ന സ്ഥിതിയാണ്. പ്രധാനമായും ബംഗളൂരു, ന്യൂഡൽഹി, മുംബയ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റുകളാണ് ലഭിക്കാതെ മറുനാടൻ മലയാളികൾ ബുദ്ധിമുട്ടുന്നത്. ഇതോടെ സ്വകാര്യ ബസുകളുടെ കൊള്ളയ്ക്കും ഇവർ ഇരയാകേണ്ടിവരുന്നു. കൂടുതൽ ട്രെയിൻ​-ബസ് സർവീസുകൾ സർക്കാർ സംവിധാനത്തിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി ഗതാഗത മന്ത്രിമാർക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നിവേദനം നൽകിയെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു.