ഷഹബാസ് വധം: കുറ്റാരോപിതരുടെ ജാമ്യാപേക്ഷയിൽ വിധി 8ന്

Friday 04 April 2025 1:52 AM IST

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ ആറു വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസിൽ കുറ്റാരോപിതർക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു. നിർഭയ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയും പ്രോസിക്യൂഷൻ കോടതിയിൽ ഉദ്ധരിച്ചു. അക്രമണത്തിന് തയ്യാറെടുത്ത് തന്നെയാണ് കുട്ടികൾ വന്നത്. ഷഹബാസിനെ കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം ആസൂത്രണം ചെയ്തത്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം കുറ്റാരോപിതർ 34 ദിവസം ജയിലിൽ കിടന്നത് ശിക്ഷയായി കണക്കാക്കണമെന്നും കുട്ടികൾക്ക് തുടർ പഠനം നടത്തണമെന്നും രക്ഷിതാക്കൾക്കൊപ്പം വിടണമെന്നും പ്രതിഭാഗം വാദിച്ചു. റിമാൻഡിൽ കഴിയുന്ന ഇവരുടെ ജാമ്യാപേക്ഷ ജുവൈനൽ ജസ്റ്റിസ് ബോർഡ് നേരത്തേ തള്ളിയിരുന്നു. തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.