രൂപേഷിന് താഴെനിലയിൽ ഓഫീസ് ഒരുങ്ങിയില്ല
ഉത്തരവിറങ്ങിയിട്ട് ഒരാഴ്ച
ആലപ്പുഴ: അന്ധതയെ തോൽപ്പിച്ച് കെ.എ.എസ് നേടിയ ജില്ലാ ഇൻഷ്വറൻസ് ഓഫീസർ എച്ച്. രൂപേഷിന് ഭിന്നശേഷി സൗഹൃദ ഓഫീസൊരുക്കണമെന്ന സർക്കാർ നിർദ്ദേശം പാലിക്കപ്പെട്ടില്ല.
90 ശതമാനം കാഴ്ചപരിമിതിയുണ്ട് രൂപേഷിന്. എന്നിട്ടും ലിഫ്റ്റ് സൗകര്യമില്ലാത്ത കെട്ടടത്തിന്റെ മൂന്നാം നിലയിലെ ഓഫീസിൽ നിയമിച്ച് ബുദ്ധിമുട്ടിക്കുന്നത് കേരളകൗമുദി തുറന്നുകാട്ടിയതോടെയാണ് സർക്കാർ ഇടപെട്ടത്. താഴത്തെ നിലയിലോ സമീപത്തോ ഓഫീസ് മുറി അടിയന്തരമായി കണ്ടെത്താനായിരുന്നു നിർദ്ദേശം. പൊതുഭരണവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ ഉത്തരവ് ജില്ലാ കളക്ടർക്കും സംസ്ഥാന ഇൻഷ്വറൻസ് ഡയറക്ടർക്കും ലഭിച്ചു. എന്നാൽ, ഒരാഴ്ച പിന്നിടുമ്പോഴും തുടർനടപടികളുമുണ്ടായിട്ടില്ല. ഭിന്നശേഷി കമ്മിഷന് മുന്നിലും പരാതി എത്തിയിരുന്നു.
ഇപ്പോഴും ദിവസവും ജനറൽ ആശുപത്രി ജംഗ്ഷനിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രയാസപ്പെട്ടു കയറുകയാണ് രൂപേഷ്. ഈ വാടകക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒഴിവുള്ള മുറികളില്ല. കളക്ടറേറ്റിൽ ആർ.ആർ വിഭാഗം ഡെപ്യൂട്ടി കളക്ടറായിരിക്കേ ലഭിച്ചിരുന്ന സഹായിയുടെ സേവനവും ഇപ്പോഴില്ല.
കളക്ടറേറ്റിൽ ലിഫ്റ്റുണ്ട്. ഇവിടെ ജി.എസ്.ടിയിലോ എൽ.എസ്.ജി.ഡി വകുപ്പിലോ പോസ്റ്റനുവദിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. ഡെപ്യൂട്ടി കളക്ടറായി പുനർനിയമിച്ചാലും രൂപേഷിന് ആശ്വാസമായേനെ.