കൂടുതൽ വനിതകൾ നേതൃത്വത്തിലെത്തും

Friday 04 April 2025 1:59 AM IST

മധുര: സി.പി.എം പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കൂടുതൽ വനിതകളെത്തിയേക്കും. പ്രായപരിധി മാനദണ്ഡം പരിഗണിച്ച് വൃന്ദാകാരാട്ടും സുഭാഷിണി അലിയും പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയാൻ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഈ ഒഴിവ് കൂടാതെ ഒരു വനിതകൂടി പി.ബിയിലെത്തിയേക്കും. കേന്ദ്ര കമ്മിറ്റിയിലും വനിത പ്രാതിനിധ്യം കൂട്ടണമെന്ന ആവശ്യവും ശക്തമാണ്.

തമിഴ്നാട്ടിൽ നിന്നുള്ള യു. വാസുകി, സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് കെ. ഹേമലത, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ എന്നിവരെയും കെ.കെ.ശൈലജയെയുമാവും പി.ബിയിലേക്ക് പരിഗണിക്കുക. ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റുകൂടിയായ വാസുകി ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ജോലി രാജിവച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയായത്.

ഡോക്ടർ സേവനം അവസാനിപ്പിച്ചാണ് ഹേമലത ആന്ധ്രാപ്രദേശിലെ തൊഴിലാളികളെ സംഘടിപ്പിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലെത്തിയത്. സി.പി.എം നേതൃത്വത്തിലുള്ള പ്രജാ ആശുപത്രിയിൽ ഡോക്ടറായിരുന്നു. അതിനിടെയാണ് ട്രേഡ് യൂണിയൻ രംഗത്തേക്കെത്തിയത്. അങ്കണവാടി ജീവനക്കാരെയും വനിതാ ബീഡി തൊഴിലാളികളെയും സംഘടിപ്പിച്ച അവർ സി.ഐ.ടി.യു ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറിയായിരുന്നു.

മറിയം കർഷക സമരത്തിലെ പ്രധാനി

എസ്.എഫ്.ഐയിലൂടെ പൊതു രംഗത്തെത്തിയ മറിയം ധാവ്‌ളെയുടെ പ്രവർത്തനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിലെ കർഷക സമരത്തിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റുമായ അശോക് ധാവ്ളെയുടെ ഭാര്യയാണ്. ആരോഗ്യ മന്ത്രിയെന്ന നിലയിൽ കൊവിഡ് കാലത്ത് കെ.കെ. ശൈലജ കേരളത്തിൽ നടത്തിയ പ്രവർത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ ശൈലജ അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷൻ നേതാവുമാണ്.