കരട് പ്രമേയത്തിന് 113 ഭേദഗതികൾ

Friday 04 April 2025 3:01 AM IST

മധുര: രണ്ടു മാസം മുൻപ് പ്രസിദ്ധീകരിച്ച കരട് രാഷ്‌ട്രീയ പ്രമേയത്തിൻമേൽ 3,424 ദേഭഗതികളും 84 നിർദ്ദേശങ്ങളുമാണ് സി.പിഎം പാർട്ടി കോൺഗ്രസിൽ വന്നത്. ഇന്നലെ നടന്ന ചർച്ചയിൽ 133 ഭേദഗതികൾ സ്വീകരിച്ചു. കരട് രാഷ്‌ട്രീയ പ്രമേയത്തിൻമേലും രാഷ്‌ട്രീയ അവലോകന റിപ്പോർട്ടിൻമേലും ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ചർച്ചകളിൽ കേരളത്തിൽ നിന്നുള്ള കെ.കെ. രാഗേഷടക്കം 16 പ്രതിനിധികൾ സംസാരിച്ചു. ദേബാശിഷ് ചക്രബർത്തി (ബംഗാൾ), ഹരിപദ ദാസ് (ത്രിപുര), നൂർ മുഹമ്മദ് (തമിഴ്നാട്), നയൻ ഭുയൻ (അസാം), മീനാക്ഷി സുന്ദരം (കർണാടക), സുരേഷ് പാണിഗ്രഹി (ഒഡീഷ), ബ്രിജ്ലാൽ ഭാരതി (ഉത്തർപ്രദേശ്), ആശാ ശർമ്മ (ഡൽഹി), സുഫൽ മഹന്തോ (ജാർഖണ്ഡ്), പ്രേംചന്ദ് (ഹരിയാന), അഖിലേഷ് യാദവ് (മദ്ധ്യപ്രദേശ്), രാജേന്ദ്ര പുരോഹിത് (ഉത്തരാഖണ്ഡ്), രമാദേവി (ആന്ധ്ര), അയ്യപ്പൻ (ആൻഡൻമാർ നിക്കോബാർ), രാകേഷ് സിൻഹ (ഹിമാചൽ പ്രദേശ്) എന്നിവരാണ് സംസാരിച്ചത്.

സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ കെ.കെ. രാഗേഷിനൊപ്പം പി.കെ. ബിജു, എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, ഡോ. ആർ. ബിന്ദു, ഡോ. ടി.എൻ. സീമ, ജെയ്ക് സി. തോമസ്, എം. അനിൽകുമാർ എന്നിവരും കേരളത്തിൽ നിന്ന് സംസാരിക്കുന്നുണ്ട്.

പ്രതിനിധി സെഷനിൽ ആർ.എസ്.എസ് - ബി.ജെ.പി വർഗീയ ആക്രമണം ചെറുക്കാനുള്ള പ്രമേയം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവും പുതിയ തൊഴിൽ ചട്ടങ്ങളെ എതിർക്കുന്ന മേയ് 20ന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയം കേന്ദ്ര കമ്മിറ്റി അംഗം കെ. ഹേമലതയും അവതരിപ്പിച്ചു.

'ഏകണ്ഠമായാണെന്ന് 133 ഭേദഗതികൾ അംഗീകരിച്ചത്. അവ പാർട്ടി നേരിടുന്ന വെല്ലിവിളികളെ ഉൾക്കൊള്ളുന്നതും മുന്നോട്ടുള്ള ഗതി നിർണയിക്കുന്നതുമാണ്. മറ്റ് പാർട്ടികളെ അപേക്ഷിച്ച് ജനാധിപത്യ രീതിയിലാണ് സി.പി.എമ്മിലെ ഇത്തരം നടപടികൾ".

- വൃന്ദാകാരാട്ട്, പിബി അംഗം