കേരള വികസന മോഡൽ ദേശീയ ബദലായി ഉയർത്തണം

Friday 04 April 2025 3:01 AM IST

ന്യൂഡൽഹി: എൽ.ഡി.എഫ് സർക്കാരിന്റെ കേരള വികസന മോഡൽ ദേശീയ ബദലായി ഉയർത്തിക്കാട്ടണമെന്ന് കരട് രാഷ്‌‌ട്രീയ പ്രമേയത്തിൻമേൽ നടന്ന ചർച്ചയിൽ കേരള ഘടകം ആവശ്യപ്പെട്ടു. കേരളത്തിലെ ഭരണത്തുടർച്ചയെ മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പ്രശംസിച്ചു.

കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് എൽ.ഡി.എഫ് സർക്കാർ വികസന നയം നടപ്പാക്കുന്നതെന്ന് കേരള ഘടകത്തെ പ്രതിനിധീകരിച്ച് സംസാരിച്ച കെ.കെ. രാഗേഷ് ചൂണ്ടിക്കാട്ടി. ആർ.എസ്.എസ് - ബി.ജെ.പി നേതൃത്വത്തിലുള്ള ഹിന്ദുത്വ ശക്തികളെ പ്രതിരോധിക്കുന്നതിലും അകറ്റി നിറുത്തുന്നതിലും സമുദായ സൗഹൃദം നിലനിറുത്തുന്നതിലും കേരളം മാതൃകയാണ്.

ഭരണത്തുടർച്ച നേടാനായത് കേരള ഘടകത്തിന്റെ വിജയമായി ജാർഖണ്ഡിൽ നിന്നുള്ള സുഫൽ മഹന്തോ ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തെ കേന്ദ്രീകരിച്ചുള്ള നയങ്ങളിൽ പാർട്ടിയെ കെട്ടിയിടുന്നതിനോട് യോജിക്കാനാകില്ലെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള ബ്രിജ്ലാൽ ഭാരതി അഭിപ്രായപ്പെട്ടു.

അതേസമയം കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ നിലപാടുകളെ പ്രതിരോധിക്കാൻ കഴിഞ്ഞതാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടമെന്ന് പി.ബി അംഗം വൃന്ദാ കാരാട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം മതേതര പാർട്ടികളെന്ന് അവകാശപ്പെടുന്ന ചിലർ ബി.ജെ.പിയെ സഹായിക്കുകയാണെന്നും കോൺഗ്രസിനെ പേരെടുത്ത് പറയാതെ വൃന്ദ വിമർശിച്ചു.