സി.പി.എം ജനറൽ സെക്രട്ടറി:.... നറുക്ക് ബേബിക്കോ?

Friday 04 April 2025 3:04 AM IST

മധുര: സി.പി.എം പാർട്ടി കോൺഗ്രസ് മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോൾ ആര് ജനറൽ സെക്രട്ടറിയാകുമെന്നതാണ് പ്രധാന ചർച്ച. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, അശോക് ധാവ്‌ളെ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ബി. രാഘവുലുവിന്റേതാണ് മറ്റൊരു പേര്.

പ്രായം, കേന്ദ്ര കമ്മിറ്റിയിലെ സീനിയോരിറ്റി എന്നിവയാണ് ബേബിക്ക് അനുകൂലമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചാൽ കേരള ഘടകം ബേബിക്കൊപ്പം നിൽക്കും. കേരളവും ബംഗാളും കഴിഞ്ഞാൽ കൂടുതൽ അംഗങ്ങളുള്ള തമിഴ്നാട് ഘടകവും ബേബിക്ക് അനുകൂലമാണ്.

മികച്ച നേതാവാണെങ്കിലും ബംഗാളൊഴികെയുള്ള സംസ്ഥാന ഘടകങ്ങൾ ധാവ്‌ളെയോട് അത്ര മമതയില്ല. പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തിൽ നിന്നുള്ള അംഗം ജനറൽ സെക്രട്ടറിയാകുന്നതിൽ ഭൂരിപക്ഷം മുതിർന്ന അംഗങ്ങൾക്കും യോജിപ്പാണ്. ഇ.എം.എസിനു ശേഷം ജനറൽ സെക്രട്ടറി സ്ഥാനം കേരള ഘടകത്തിന് ലഭിച്ചിട്ടുമില്ല. പാർട്ടിയുടെ കെട്ടുറപ്പ് കരുത്തുറ്റതാക്കാൻ കഴിയുന്ന സംസ്ഥാനം എന്ന നിലയ്ക് കേരളത്തിന് ഈ പദവിനൽകുന്നത് ഗുണകരമാവുമെന്നും നേതൃത്വം കരുതുന്നു. കേരളത്തിൽ തുടർഭരണം കിട്ടിയാൽ ദേശീയ തലത്തിൽ പാട്ടിയുടെ വളർച്ചയ്ക്ക് പ്രയോജനമാകുമെന്ന് സംഘടനാ റിപ്പോർട്ടിൽ പരാമർശിക്കുന്നതും ഇതിനോടു ചേർത്തുവായിക്കാം.