ഐ.ബി ഉദ്യോഗസ്ഥയുടെ മരണം:..... മുൻകൂർ ജാമ്യം തേടി സുകാന്ത്
കൊച്ചി: ഐ.ബി ഉദ്യോഗസ്ഥ റെയിൽവേ ട്രാക്കിൽ മരിച്ച സംഭവത്തിൽ പൊലീസ് തെരയുന്ന എടപ്പാൾ സ്വദേശി പി. സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് അഡ്വ. സി.പി. ഉദയഭാനു മുഖേന സുകാന്ത് ഹർജി നൽകിയത്.
നെടുമ്പാശേരി വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥനായ സുകാന്ത് ഒളിവിലാണ്. മേഘയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നെന്ന് സുകാന്ത് ഹർജിയിൽ പറയുന്നു. പരസ്പരം സ്നേഹത്തിലായിരുന്നു. വിവാഹക്കാര്യം മേഘയുടെ മാതാപിതാക്കളുമായി തന്റെ വീട്ടുകാർ സംസാരിച്ചിരുന്നു. ജ്യോത്സ്യന്റെ അഭിപ്രായം തേടാമെന്ന് പറഞ്ഞ മേഘയുടെ രക്ഷിതാക്കൾ പിന്നീട് മൗനം പാലിച്ചു. തന്റെ നമ്പർ ബ്ലോക്ക് ചെയ്യാനും നിർദ്ദേശിച്ചു. ഇതോടെ യുവതിയും താനും നെടുമ്പാശേരിയിൽ അപ്പാർട്ട്മെന്റെടുത്ത് താമസം തുടങ്ങി.
വീട്ടുകാർ മറ്റൊരു വിവാഹത്തിന് സമ്മർദ്ദം ചെലുത്തുകയാണെന്ന് മേഘ പറഞ്ഞിരുന്നു. മരണദിവസവും ഫോൺ വിളിച്ചിരുന്നു. മേഘയെ ഭാവി വധുവായി കണ്ടിരുന്ന താൻ മാനസികമായി തകർന്നെന്നും സുകാന്ത് പറഞ്ഞു. ഹർജി അടുത്തദിവസം പരിഗണിക്കും.