ഉപതിരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകൾ കൂടും

Friday 04 April 2025 2:42 AM IST

ഇന്ന് വില്ലേജ് ഓഫീസുകളിൽ യോഗം

മലപ്പുറം: നിലമ്പൂർ നിയോജക മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം 1100ൽപരം വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷനുകൾ വിഭജിച്ച് മണ്ഡലത്തിൽ പുതുതായി 56 പോളിംഗ് ബൂത്തുകൾ കൂടി നിലവിൽ വരും. മണ്ഡലത്തിൽ നിലവിൽ 204 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതോടെ ബൂത്തുകളുടെ എണ്ണം 260 ആകും. വോട്ടിംഗ് സുഗമമായി നടത്താനും നീണ്ട വരി ഇല്ലാതാക്കാനും വേണ്ടിയാണ് സ്ഥലം മാറ്റാതെ പുതിയ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കളുടെ സഹകരണം വേണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച ബി.എൽ.ഒമാരുടെയും പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം നാളെ വൈകിട്ട് നാലിന് വില്ലേജ് ഓഫീസുകളിൽ നടക്കും. ബി.എൽ.ഒമാർ, ബൂത്തുതല ഏജന്റുമാർ എന്നിവരുടെ സംയോജിത സഹകരണത്തോടെ ഏപ്രിൽ എട്ടിനുള്ളിൽ ഫീൽഡ് പരിശോധന പൂർത്തിയാക്കണം. നിലമ്പൂരിൽ മാത്രം 42 ബി.എൽ.ഒമാരെ പുതുതായി നിയമിക്കും. യോഗത്തിൽ നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർ പി. സുരേഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എം. സനീറ, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ഇസ്മായിൽ മൂത്തേടം, ഇ.പത്മാക്ഷൻ, അജീഷ് എടാലത്ത്, പി.മുഹമ്മദാലി, ടി.രവീന്ദ്രൻ, സി.എച്ച്. നൗഷാദ്, കാടാമ്പുഴ മോഹൻ, ബിജു എം.സാമുവൽ പങ്കെടുത്തു.