പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു

Friday 04 April 2025 1:26 PM IST

ചെന്നൈ: പ്രശസ്ത നടൻ രവികുമാർ (71) അന്തരിച്ചു. ചെന്നൈയിലെ വേലച്ചേരിയിലെ ആശുപത്രിയിൽ രാവിലെ ഒൻപതുമണിയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകനാണ് മരണവാർത്ത പുറത്തുവിട്ടത്. അർബുദബാധിതനായിരുന്നു. സംസ്‌കാരം നാളെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

തൃശൂർ സ്വദേശികളായ നിർമാതാവ് കെ എം കെ മേനോന്റെയും ആർ ഭാരതിയുടെയും മകനായി ചെന്നൈയിലാണ് രവി കുമാർ ജനിച്ചത്. 1967ൽ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിയത്.

1976 റിലീസ് ചെയ്ത 'അമ്മ'യിലൂടെ മലയാളത്തിൽ ശ്രദ്ധേയനായി. അവളുടെ രാവുകൾ, ലിസ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങി നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.