ട്രയൽ റൺ പാളിയതോടെ ഡബിൾ ഡെക്കർ വീണ്ടും ഗ്യാരേജിലേക്ക്

Saturday 05 April 2025 12:07 AM IST

കൊച്ചി: ഡബിൾ ഡെക്കർ ബസ് സർവീസ് അനിശ്ചിതത്വത്തിൽ തുടരുന്നു. അഞ്ച് മാസം മുൻപ് എത്തിച്ച ബസ്, സാങ്കേതിക തടസങ്ങൾ മൂലം ഓടാനാവാതെ കാരിക്കാമുറിയിലെ ഗാരേജിൽ കിടക്കുകയാണ്. കഴിഞ്ഞ രണ്ടിന് നടത്തിയ ട്രയൽ റണ്ണിൽ, ബസിന് സുഗമമായി കടന്നുപോകാൻ സാധിച്ചില്ല. തോപ്പുംപടി ഇലക്ട്രിക് സെക്ഷനിലെ വൈദ്യുതി ലൈനുകളും കേബിളുകളും 5.2 മീറ്റർ ഉയരത്തിൽ ക്രമീകരിച്ചിട്ടും പ്രശ്നം പരിഹരിക്കാനായില്ല. ബസ് കടന്നുപോകാൻ 5.7 മീറ്റർ ഉയരമെങ്കിലും വേണം. സ്വകാര്യ കമ്പനികളുടെ കേബിളുകളും തടസങ്ങൾ സൃഷ്ടിക്കുന്നു.

പഴയ പോസ്റ്റുകൾ പ്രതിസന്ധി

റൂട്ടിലെ 20 ഓളം പഴയ പോസ്റ്റുകളും പ്രതിസന്ധിയാണ്. 8 മീറ്റർ നീളമുള്ള പോസ്റ്റുകൾ 1.5 മീറ്റർ താഴ്ത്തി സ്ഥാപിക്കുമ്പോൾ 6.5 മീറ്റർ ഉയരമേ ലഭിക്കൂ. വൈദ്യുതി ലൈനുകളും കേബിളുകളും കാരണം ഡബിൾ ഡെക്കർ ബസിന് ആവശ്യത്തിന് ക്ലിയറൻസ് ലഭിക്കില്ല. പുതിയ 11 മീറ്റർ പോസ്റ്റുകൾക്ക് 30,000 രൂപയാണ് ചെലവ്. അനുമതി ലഭിക്കാൻ സമയമെടുക്കും. അതിനാൽ, നിലവിലെ കേബിളുകൾ ഉയർത്തി ട്രയൽ റൺ നടത്താനാണ് തീരുമാനം.

 ഡബിൾ ഡെക്കർ ബസ്

40 പേർക്ക് മുകളിലും 30 പേർക്ക് താഴെയും ഇരിക്കാവുന്ന ബസ് വൈകിട്ട് 5-ന് എറണാകുളം സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് തോപ്പുംപടി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി വഴി മറൈൻഡ്രൈവിലൂടെ സ്റ്റാൻഡിൽ തിരിച്ചെത്തുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരുന്നത്. മൂന്ന് മണിക്കൂർ കൊണ്ട് 40 കിലോമീറ്റർ സഞ്ചരിക്കുന്ന സർവീസിന്റെ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. തിരക്കനുസരിച്ച് രാത്രി 9.30 മുതൽ 12.30 വരെ മറ്റൊരു സർവീസും പരിഗണിക്കുന്നുണ്ട്. ഓൺലൈൻ ബുക്കിംഗ് സൗകര്യവും ഉണ്ടാകും. ഡബിൾ ഡെക്കർ ബസിന്റെ രൂപം പഴഞ്ചനാണ്. പുതുതലമുറ ബസുകൾ കണ്ടുശീലിച്ചവർക്ക് ബസ് കണ്ടാൽ ചിരിവരും.

കേബിളുകൾ പൊക്കി സ്ഥാപിക്കുന്ന പ്രവർത്തനം അടിയന്തരമായി പൂർത്തിയാക്കും. 9-നാണ് അടുത്ത ട്രയൽ റൺ.

വിമൽ ജോസഫ്

അസി. എക്സിക്യുട്ടീവ് എൻജിനിയർ

തോപ്പുംപടി ഇലക്ട്രിക് സെക്ഷൻ