കേസരി കോളേജിൽ ക്ലാസുകൾ ജൂലായിൽ

Friday 04 April 2025 9:01 PM IST

പറവൂർ: സർക്കാർ ഏറ്റെടുത്ത കേസരി ആർട്സ് ആൻഡ് സയൻസ് കോളേജിലെ നിലവിലെ ഭൗതിക സാഹചര്യങ്ങളിൽ എം.ജി സർവകലാശാലയുടെ ഏഴംഗ ഇൻസ്പെക്ഷൻ സംഘം പരിശോധിച്ച് തൃപ്തി അറിയിച്ചതോടെ ജൂലായിൽ ക്ലാസുകൾ ആരംഭിക്കും. സിൻഡിക്കേറ്റ് അംഗം ഡോ. ടി.വി. സുജ, ഡി.സി.ഡി.സി പ്രൊഫ. പി.ആർ. ബിജു, ഡെപ്യൂട്ടി ഡയറക്‌ടർ ഒഫ് കോളേജിയറ്റ് എജ്യുക്കേഷൻ എറണാകുളം പ്രൊഫ. പ്രിയ പി. മേനോൻ, യൂണിവേഴ്സ‌ിറ്റി എൻജിനിയർ രജനി ജോൺ, അസോസിയേറ്റ് പ്രൊഫസർമാരായ കെ.എ. വിഘ്നേഷ്, ഡോ. ലീന സി. ശേഖർ, പി.എസ്. ഷൈൻ എന്നിവരാണ് കോളേജ് സന്ദർശിച്ചത്.

കേസരി കോളേജിലെ സ്പെഷൽ ഓഫീസർ ജോബി വർഗീസ് സംഘത്തിന് കാര്യങ്ങൾ വിശദീകരിച്ചു.

ബികോമിന് 40, സൈബർ ഫൊറൻസിക്കിന് 15, ജേണലിസത്തിന് 30 എന്ന നിലയിൽ ആദ്യ വർഷം 85 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവി എം.ജി സർവകലാശാലയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജൂലായ് മാസത്തിൽ കോളേജ് ആരംഭിക്കാനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. പരിശോധനയ്ക്കു ശേഷം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എസ്. ശർമ്മ, നഗരസഭാ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ എന്നിവരുമായി സംഘം ചർച്ച നടത്തി.

 ഭൗതിക സാഹചര്യങ്ങൾ പരിശോധിച്ചു

കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, ഓഫിസ് മുറികൾ, ലാബുകൾ, ഏഴായിരത്തോളം പുസ്‌തകങ്ങളുള്ള വായനശാല, ഫർണിച്ചറുകൾ, പ്രിൻസിപ്പലിന്റെ മുറി, സ്‌റ്റാഫ് റൂം, വിസിറ്റേഴ്‌സ് റൂം, കോൺഫറൻസ് ഹാൾ, മിനി സെമിനാർ ഹാൾ തുടങ്ങിയവയെല്ലാം സംഘം പരിശോധിച്ചു.

 തുടങ്ങുന്ന കോഴ്സുകൾ

ബി.കോം ഫിനാൻസ് ആൻഡ് ടാക്സേഷൻ ആൻഡ് ലോജിസ്‌റ്റിക് മാനേജ്‌മെന്റ് ,

ബി.എസ്‌.സി സൈബർ ഫൊറൻസിക് വിത്ത് നെറ്റ‌്‌വർക് സെക്യൂരിറ്റി ആൻഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റം ആർക്കിടെക്‌ചർ

ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ