തൃശൂർ പൂരം സുരക്ഷ: ഡി.ജി.പിയുടെ മേൽനോട്ടം വേണമെന്ന് ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരം നടത്തിപ്പ് സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാവണമെന്ന് ഹൈക്കോടതി. ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിയന്ത്രണത്തിലായിരിക്കണം പൂരം. പരിചയ സമ്പന്നരായ പൊലീസുകാരെ ജോലിക്കായി നിയോഗിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരടങ്ങിയ ദേവസ്വംബെഞ്ച് ഉത്തരവിട്ടു. പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും നിർദ്ദേശിച്ചു.
ആചാരപരമായ എല്ലാ ചടങ്ങുകളും പാലിക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വവും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉറപ്പാക്കണം. പൂരം ചുമതലകൾക്കുള്ള വൊളന്റിയർമാരുടെ ലിസ്റ്റ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ 25നകം കളക്ടർക്ക് കൈമാറണം. പൂരം അലങ്കോലപ്പെടുത്തിയതിൽ പൊലീസ് കമ്മിഷണർ അങ്കിത് അശോകിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ അടക്കമുള്ളവർ ഫയൽ ചെയ്ത ഹർജികളാണ് ഉത്തരവ്.