പോക്സോ കേസ് പ്രതി ബൈക്ക് മോഷണത്തിന് അറസ്റ്റിൽ

Friday 04 April 2025 10:05 PM IST

കൊച്ചി : പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ രണ്ടാംപ്രവേശന കവാട പരിസരത്ത് നിന്ന് ബൈക്ക് കടത്തിക്കൊണ്ട് പോയ ആലപ്പുഴ തകഴി കുന്നുമ്മ അംബേദ്കർ കോളനി കാട്ടിപ്പറമ്പ് വീട്ടിൽ കെ.ഡി. പ്രകാശാണ് (24) കടവന്ത്ര പൊലീസിന്റെ പി‌ടിയിലായത്.

കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ സെക്യുരിറ്റി ജീവനക്കാരനായ കോട്ടയം സ്വദേശിയുടെ ബൈക്കാണ് കഴിഞ്ഞ ഡിസംബറിൽ മോഷണം പോയത്. ഈ ബൈക്കിൽ പ്രകാശനും രണ്ട് കൂട്ടുകാരും ഒരുമിച്ച് യാത്ര ചെയ്യുന്നതിനി‌ടെ കഴിഞ്ഞമാസം മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് മൂന്നു പേർക്കും പരിക്കേറ്റിരുന്നു. അപകടത്തിൽ തകർന്ന ബൈക്ക് അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ തുടരന്വേഷണത്തിലാണ് മോഷണം പോയ ബൈക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെ പ്രകാശ് ഉൾപ്പെടെ പ്രതികൾ ഒളിവിൽ പോയി. കടവന്ത്ര എസ്.ഐ ബി. ദിനേശന്റെ നേതൃത്വത്തിൽ ഇന്നലെ തകഴിയിൽ നിന്നാണ് കസ്റ്റ‌ഡിയിലെടുത്തത്. തകഴിയിൽ നിന്ന് എറണാകുളത്തെത്തിയ താൻ മദ്യലഹരിയിലാണ് ബൈക്കുമായി കടന്നതെന്ന് ഇയാൾ മൊഴി നൽകി.