പുഴയോരത്ത് മത്സ്യമാർക്കറ്റ് വേണ്ട
തൊട്ടിൽപാലം : തൊട്ടിൽപ്പാലം മുള്ളൻകുന്ന് റോഡിൽ പാലത്തിന് സമീപം പുഴയോരത്ത് മത്സ്യമാർക്കറ്റ് നിർമ്മിക്കാനുള്ള കാവിലുംപാറ പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ് കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മലയോര ഹൈവേയ്ക്കു വേണ്ടി റോഡ് വീതി കൂട്ടേണ്ട സ്ഥലത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് നിർമ്മാണം നടത്താൻ നിയമപരമായി സാദ്ധ്യ മല്ലെന്നും നേതാക്കൾ പറഞ്ഞു. നേരത്തെ തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച കിണറും ഉപയോഗമില്ലാതെ കിടക്കുകയാണ്. ദീർഘ വീക്ഷണമില്ലാതെ ഫണ്ട് നഷ്ടപ്പെടുത്തും വിധമുളള ഇത്തരം പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്തിന്റെ കെടുകാര്യസ്ഥത വിളിച്ചോതുന്നതാണെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. കാവിലുംപാറ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.സി ബാലകൃഷ്ണൻ, കൺവീനർ കെ.പി ശംസീർ, പി.ജി സത്യനാഥ്, വി സൂപ്പി, ശ്രീധരൻ വാളക്കയം, സി.എച്ച് സൈതലവി,വി.പി സുരേഷ്, പി.കെ ബാബു തുടങ്ങിയവർ മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്ന സ്ഥലം സന്ദർശിച്ചു.