ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്തിനെതിരെ പീഡനക്കുറ്റം
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന ഉദ്യോഗസ്ഥനെതിരെ പൊലീസ് പീഡനക്കുറ്റം ചുമത്തി.
കൊച്ചിലെ ഐ.ബി ഉദ്യോഗസ്ഥനായ എടപ്പാൾ പട്ടാമ്പി റോഡ് ശുകപുരം പൂവത്താക്കണ്ടി ഹൗസിൽ സുകാന്ത് സുരേഷാണ് (31) പ്രതി. സുകാന്തിനെതിരെ ഐ.ബി ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. യുവതി മരിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ അവധിയെടുത്ത് ഒളിവിൽ കഴിയുകയാണ്.
യുവതി എട്ടുമാസം മുമ്പ് തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകൾ കഴിഞ്ഞ ദിവസം രക്ഷിതാക്കൾ പേട്ട പൊലീസിന് കൈമാറിയിരുന്നു. ഗർഭഛിദ്രം നടത്തിയെന്ന് പൊലീസ് ആശുപത്രിയിലെത്തി സ്ഥിരീകരിച്ചു. തുടർന്നാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, വഞ്ചന, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തിയത്. പതിനൊന്നു ദിവസം മുമ്പ് നടന്ന ആത്മഹത്യയിൽ ദുരൂഹ മരണത്തിന് മാത്രമാണ് കേസെടുത്തിരുന്നത്.
യുവതിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ പൊലീസ് ആദ്യം ഗൗരവത്തിലെടുത്തിരുന്നില്ല.
പൊലീസ് അന്വേഷിച്ച് എറണാകുളത്തേക്ക് പോയെങ്കിലും പ്രതി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതറിഞ്ഞ് മടങ്ങിപ്പോരുകയായിരുന്നു.
തെളിവുകൾ വെല്ലുവിളി
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കൂട്ടുകാരിയോടൊപ്പമെത്തി ഗർഭഛിദ്രം നടത്തിയെന്നതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്
സുകാന്താണ് ഉത്തരവാദിയെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. ഭ്രൂണം നശിപ്പിക്കപ്പെട്ടതിനാൽ ഡി.എൻ.എ ടെസ്റ്റ് അസാദ്ധ്യം. ഉദ്യോഗസ്ഥയുടെ മരണമൊഴിയും ഇല്ല
നിരന്തരം ഫോൺ ചെയ്തതും ഒന്നിച്ചു സഞ്ചരിച്ചതും ഒന്നിച്ചു താമസിച്ചതും സംബന്ധിച്ച തെളിവുകളാണ് പിടിവള്ളിയാവുന്നത്. അതെല്ലാം പൊലീസ് കണ്ടെത്തണം
ഉദ്യോഗസ്ഥയുടെ ട്രെയിൻ തട്ടി തകർന്ന ഫോൺ പരിശോധിച്ച് വിവരശേഖരണം നടത്താനുള്ള ശ്രമത്തിലാണ് ഫോറൻസിക് സംഘം.
പണം കൈമാറ്റം ചെയ്തതിന് രേഖയുള്ളതിനാൽ ബന്ധം ദൃഢമായിരുന്നു എന്ന് തെളിയിക്കാനാവും
ഇരുവരും പരിശീലനവേളയിൽ ജോദ്പൂരിൽ ഒരുമിച്ച് യാത്ര ചെയ്തതും താമസിച്ചതുമായ രേഖകളും കണ്ടെത്തേണ്ടതുണ്ട്.
സുകാന്തിന്റെ അറസ്റ്റ് വിലക്കാതെ കോടതി
കൊച്ചി: ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. അറസ്റ്റ് വിലക്കണമെന്ന ആവശ്യം ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അനുവദിച്ചില്ല. ഉദ്യോഗസ്ഥയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് സുകാന്ത് മുൻകൂർ ജാമ്യ ഹർജി നൽകിയത്. തങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെന്നും ഇതിനെ യുവതിയുടെ വീട്ടുകാർ എതിർത്തത് മാനസിക സമ്മർദ്ദത്തിന് കാരണമായെന്നുമാണ് ഹർജിക്കാരന്റെ വാദം.
പണം തട്ടിയതിലും ദുരൂഹത
സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബമാണ് സുകാന്തിന്റേത്. പിതാവ് പ്രവാസി വ്യവസായിയാണ്. സമ്പന്നനായ സുകാന്ത് എന്തിന് എല്ലാ മാസവും ഉദ്യോഗസ്ഥയുടെ ശമ്പളം വാങ്ങിയെന്നതിനും ഉത്തരം കണ്ടെത്തണം. ഇയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
`അന്വേഷണം പുരോഗമിക്കുകയാണ്.പീഡനക്കുറ്റം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്
-തോംസൺ ജോസ്,
സിറ്റി പൊലീസ് കമ്മിഷണർ