എലിപ്പനി : മുൻകരുതൽ സ്വീകരിക്കണം

Saturday 05 April 2025 12:08 AM IST

പത്തനംതിട്ട : ജില്ലയിൽ ഇടവിട്ട് വേനൽ മഴപെയ്യുന്നതിനാൽ എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ. അനിതകുമാരി അറിയിച്ചു. കുട്ടികളിൽ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. റോഡിലും കളിസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എലിപ്പനിക്ക് കാരണമായ ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ കാണപ്പെടാം. രോഗാണുക്കൾ കലർന്ന മലിനജലത്തിൽ ഇറങ്ങുമ്പോൾ ഇവ ശരീരത്തിൽ പ്രവേശിക്കും. ശരീരത്തിൽ മുറിവുകളോ പോറലുകളോ ഉള്ളപ്പോൾ മലിനജലത്തിൽ ഇറങ്ങുകയോ കൈകാലുകൾ, മുഖം എന്നിവ കഴുകുകയോ ചെയ്യരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങേണ്ടി വന്നാൽ കൈകാലുകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. പനിയുണ്ടായാൽ മലിനജലത്തിൽ കളിക്കുകയോ, കുളിക്കുകയോ മുഖം കഴുകുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറോട് പറയണം. വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവരിലും ക്ഷീരകർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കും രോഗസാദ്ധ്യത കൂടുതലാണ്. ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർ എലിപ്പനി മുൻകരുതൽ മരുന്നായ ഡോക്‌സി സൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണമെന്നും മരുന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.