ഭട്നാഗർ ഫെലോഷിപ്പ് നേടുന്ന ആദ്യ മലയാളിയായി ഡോ. എ. അജയഘോഷ്

Saturday 05 April 2025 1:11 AM IST

കൊല്ലം: രസതന്ത്രമേഖലയിലെ ഗവേഷണ സംഭാവനകൾക്ക് കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) നൽകുന്ന ഭട്നാഗർ ഫെലോഷിപ്പിന് മലയാളി രസതന്ത്ര ശാസത്രജ്ഞൻ ഡോ.എ.അജയഘോഷ് അർഹനായി. വിരമിച്ച,മുതിർന്ന ഗവേഷകർക്ക് അവരുടെ ഗവേഷണം തുടരുന്നതിന് നൽകുന്ന ഫെലോഷിപ്പ് ഇതാദ്യമായാണ് ഒരു മലയാളിക്ക് ലഭിക്കുന്നത്. മൂന്ന് വർഷത്തേക്കുള്ള ഫെലോഷിപ്പ് അഞ്ചുവർഷം വരെ നീട്ടാം. ഗവേഷണത്തിന് ഒരുവർഷം 60 ലക്ഷം രൂപ വരെ ലഭിക്കും.

1988ലാണ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഗവേഷണ വിഭാഗമായ തിരുവനന്തപുരം നിസ്റ്റിൽ ചേരുന്നത്. പിന്നീട് സ്ഥാപനത്തിന്റെ ഡയറക്ടറായി 2022ൽ വിരമിച്ചു. നിലവിൽ തമിഴ്നാട് കാട്ടാൻകുളത്തൂർ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി ചെയർ പ്രൊഫസറാണ്.

സുപ്രാമോളിക്യുലാർ കെമിസ്റ്റിൽ പ്രശസ്തനായ അജയഘോഷ് കൊല്ലം വെള്ളിമണിലാണ് ജനിച്ചത്. കൊല്ലം എസ്.എൻ കോളേജ്,ഫാത്തിമ മാതാ കോളേജ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇപ്പോൾ വർഷങ്ങളായി തിരുവനന്തപുരം കൈമനത്താണ് താമസം. ഭാര്യ:അമ്പിളി (കെമിസ്ട്രി അദ്ധ്യാപിക). മക്കൾ:അനന്ത കൃഷ്ണൻ (ഇലക്ട്രോണിക് സംഗീത വിദഗ്ദ്ധൻ),അനന്തരാമൻ (യുട്യൂബർ,നടൻ).

കണ്ടെത്തലുകൾ

 കറൻസി നോട്ടുകളുടെ സുരക്ഷാ പ്രത്യേകതകൾക്കും ബയോ മെഡിക്കൽ മാലിന്യങ്ങളുടെ സംസ്കരണത്തിനുമുള്ള പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചു.

 ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾ,കപ്പുകൾ തുടങ്ങിയവ നിരോധിച്ചപ്പോൾ കാർഷിക മാലിന്യങ്ങളിൽ നിന്ന് ഇത്തരം ഉത്പന്നങ്ങൾ വികസിപ്പിച്ചു

അംഗീകാരങ്ങൾ

ദ് വേൾഡ് അക്കാഡമി ഒഫ് സയൻസസ് കെമിസ്ട്രി പുരസ്കാരം,ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം,തോംസൺ റോയിട്ടേഴ്സ് റിസർച്ച് എക്സലൻസ് അവാർഡ്,ഇന്ത്യൻ സയൻസ് കോൺഗ്രസിലെ യുവ ശാസ്ത്ര പ്രതിഭാ പുരസ്കാരം,കേന്ദ്ര ആണവോർജ മന്ത്രാലയത്തിന്റെ പുരസ്കാരം,സംസ്ഥാന സർക്കാരിന്റെ കൈരളി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.