കരുവന്നൂർ: അന്വേഷണം ഇഴയുന്നതിൽ വിമർശനം
Saturday 05 April 2025 1:19 AM IST
കൊച്ചി: കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കാത്തതിൽ ഹൈക്കോടതിയുടെ വിമർശനം. വർഷം നാലായിട്ടും അന്വേഷണം പൂർത്തിയാക്കാത്തത് എന്തുകൊണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ഇല്ലാതാക്കാനാണോ ശ്രമമെന്നും ജസ്റ്റിസ് ഡി.കെ. സിംഗ് ചോദിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ എം.വി. സുരേഷ് ഫയൽ ചെയ്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കുറ്റപത്രം എന്നു സമർപ്പിക്കുമെന്നു വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി. കേസ് വീണ്ടും പരിഗണിക്കുന്ന പത്തിന് അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണം.