ആഗോള വിപണികൾക്ക് ട്രംപ് ഷോക്ക്

Saturday 05 April 2025 12:35 AM IST

ഓഹരി, സ്വർണം, ക്രൂഡോയിൽ വിലകൾ മൂക്കുകുത്തി

കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ ആഗോള വിപണികൾ തകർന്നടിഞ്ഞു. ഇന്നലെ അമേരിക്കൻ ഓഹരികളിലുണ്ടായ കനത്ത തകർച്ചയുടെ ചുവടുപിടിച്ച് തുടർച്ചയായ രണ്ടാം ദിവസത്തിലും ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരികൾ മൂക്കുകുത്തി. . ഇന്ത്യയിലെ പ്രധാന ഓഹരി സൂചികയായ സെൻസെക്‌സ് ആയിരം പോയിന്റിനടുത്ത് ഇടിഞ്ഞു. ചെറുകിട, ഇടത്തരം ഓഹരികളും തകർന്നടിഞ്ഞു.

ലോകം അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കകളാണ് നിക്ഷേപകരെ പരിഭ്രാന്തിയിലാക്കുന്നത്. അമേരിക്കയിലെ അധിക തീരുവ ആഗോള തലത്തിൽ വിലക്കയറ്റം രൂക്ഷമാക്കും.

ട്രംപിന്റെ വ്യാപാര യുദ്ധത്തെ നേരിടാൻ യൂറോപ്യൻ യൂണിയനും ചൈനയും അമേരിക്കൻ ഉത്പന്നങ്ങൾക്ക് തിരിച്ചടി ചുങ്കം ഏർപ്പെടുത്തിയതോടെ നിക്ഷേപകരുടെ നെഞ്ചിടിപ്പേറി.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഒരു ശതമാനം ഇടിവോടെ 3,090 ഡോളറിലെത്തി. ഒപ്പെക് രാജ്യങ്ങൾ ഉത്പാദനം ഉയർത്തിയതോടെ ക്രൂഡോയിൽ വില ബാരലിന് ആറ് ശതമാനം ഇടിവ് നേരിട്ടു.

ഇന്ത്യൻ നിക്ഷേപകർക്കും നെഞ്ചിടിപ്പേറുന്നു

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം രാജ്യത്തെ ഓഹരി വിപണിയിൽ കനത്ത തകർച്ച സൃഷ്‌ടിക്കുന്നു. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 930.67 പോയിന്റ് ഇടിഞ്ഞ് 75,364ൽ എത്തി. നിഫ്റ്റി 345.65 പോയിന്റ് നഷ്‌ടത്തോടെ 22,904ൽ അവസാനിച്ചു. പ്രധാന മേഖലകളിലെ ഓഹരികളെല്ലാം മൂക്കുകുത്തി. ഐ.ടി കമ്പനികളുടെ ഓഹരി വിലയിലാണ് ഏറ്റവുമധികം തിരിച്ചടിയുണ്ടായത്. ബാങ്കിംഗ്, ധനകാര്യ, എഫ്.എം.സി.ജി, വാഹന മേഖലയിലെ ഓഹരികളും കനത്ത സമ്മർദ്ദം നേരിട്ടു.

പവൻ വില 1280 രൂപ കുറഞ്ഞു

നിക്ഷേപകർ ലാഭമെടുപ്പിലേക്ക് നീങ്ങിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില മൂക്കുകുത്തി. ഇതോടെ കേരളത്തിൽ പവൻ വില 1280 കുറഞ്ഞ് 67,200 രൂപയിലെത്തി. ഗ്രാമിന്റെ വില 160 രൂപ ഇടിഞ്ഞ് 8,400 രൂപയിലെത്തി. ട്രംപിന്റെ വ്യാപാര യുദ്ധം തീവ്രമാകുന്നതും നിക്ഷേപകർക്ക് നെഞ്ചിടിപ്പ് കൂട്ടുന്നു.

ഓഹരി വിപണിയിൽ നിക്ഷേപകരുടെ ഇന്നലത്തെ നഷ്‌ടം

9.5 ലക്ഷം കോടി രൂപ