ജനവാസ മേഖലയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

Saturday 05 April 2025 12:38 AM IST
കുളത്തൂപ്പുഴയിൽ ജനവാസ മേഖലയിൽ നിന്ന് പിടികൂടിയ രാജവെമ്പാല

കുളത്തൂപ്പുഴ: ജനവാസ മേഖലയിലെത്തിയ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ 10 ഓടെ കുളത്തൂപ്പുഴ തോട്ടിൻകര വീട്ടിൽ ഡാലിക്കരിക്കം വീട്ടിൽ താമസിക്കുന്ന സുദേവന്റെ പുരയിടത്തിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഉടൻ വീട്ടുകാർ കുളത്തൂപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. ഉടൻ റേഞ്ച് ഓഫീസർ അരുണിന്റെ നിർദ്ദേശം അനുസരിച്ച് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജിത്ത് ചന്ദ്രൻ, മൈലാമൂട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റർ വി.ടി.ആതിര, എൽ.ആതിര, ഫോറസ്റ്റ് വാച്ചർ ഹരിഹരൻ, പാമ്പ് പിടിത്തക്കാരൻ ശശികുമാർ, സതീശൻ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.