ഇടകലർന്ന് വെയിലും മഴയും... പനി പിടിച്ച് ജില്ല!
കൊല്ലം: മഴയും വെയിലും ഇടകലർന്ന് എത്തുന്നതിനാൽ ജില്ലയിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു. വൈറൽപ്പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായി. കഴിഞ്ഞ മാർച്ച് 1 മുതൽ 30 വരെ സർക്കാർ ആശുപത്രികളിലെ ഒ.പിയിൽ പനി മരുന്നിനെത്തിയത് 10,088 പേരാണ്. ഇതിൽ 336 പേർ കിടത്തിച്ചികിത്സയ്ക്ക് വിധേയരായി.
ഈ കാലയളവിൽ 269 പേർക്ക് ചിക്കൻപോക്സും 24 പേർക്ക് ഡെങ്കിപ്പനിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കൂടാതെ മലേറിയ, വയറിളക്കം, മുണ്ടിനീര്, ചെള്ളുപനി എന്നിവയും പിടിമുറുക്കി. ശരാശരി തൊള്ളായിരത്തോളം പേരാണ് പനി ചികിത്സയ്‌ക്കെത്തുന്നത്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റ് ആയുർവേദ, ഹോമിയോ ആശുപത്രികളിലുമൊക്കെ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം കൂടുതലാണ്.
മഴ പെയ്തതിനെ തുടർന്ന് മലിനജലവുമായി ബന്ധപ്പെടുന്നവർക്കാണ് എലിപ്പനി ബാധയുണ്ടാകുന്നത്. പനി വന്നാൽ സ്വയം ചികിത്സ നടത്താതെ ആശുപത്രിയിലെത്തി ചികിത്സ തേടണം.
മഞ്ഞപ്പിത്തം പടരുന്നു
മഞ്ഞപ്പിത്ത രോഗികളും (ഹെപ്പറ്റൈറ്റസ് എ) ജില്ലയിൽ വർദ്ധിക്കുന്നുണ്ട്. മുപ്പത് ദിവസത്തിനുള്ളിൽ 56 പേർക്ക് രോഗം സ്ഥിരീകരിച്ചു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പകരുന്നത്. രോഗികളുമായി അടുത്ത സമ്പർക്കമുള്ളവർക്കും രോഗം പകരാം.
വയറിളക്കം വ്യാപകം
വയറിളക്കവും ജില്ലയിൽ വ്യാപിക്കുന്നു. രോഗികൾക്ക് ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ തയ്യാറാക്കിയ ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം നൽകാം. മലത്തിൽ രക്തം, അതിയായ വയറിളക്കവും, ഛർദ്ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, കുഞ്ഞുങ്ങളിൽ ഉച്ചി കുഴിഞ്ഞിരിക്കുക എന്നിവ ഉണ്ടായാൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടണം.
വേണം പ്രതിരോധം വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം
കൊതുക് നിവാരണം നടപ്പാക്കുക
വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്
തിളപ്പിച്ചാറിച്ച വെള്ളം കുടിക്കണം
കൊതുകിന്റെ ഉറവിട നശീകരണം
വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കരുത്
പാചക തൊഴിലാളികൾ, അങ്കണവാടി, സ്‌കൂൾ എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നവർ എന്നിവർക്ക് ഹെൽത്ത് കാർഡ് ഉണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കണം
ഒരുമാസത്തിനുള്ളിൽ
24 പേർക്ക് ഡെങ്കിപ്പനി
12 പേർക്ക് എലിപ്പനി
269 പേർക്ക് ചിക്കൻപോക്സ്
56 പേർക്ക് മഞ്ഞപ്പിത്തം
രോഗം ബാധിച്ചാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ സർക്കാർ ആശുപത്രിയിലോ ആരോഗ്യ പ്രവർത്തകരെയോ വിവരം അറിയിക്കണം.
ആരോഗ്യ വകുപ്പ് അധികൃതർ