കൊല്ലം തീരത്തെ ഇന്ധനപര്യവേക്ഷണം... തീരസേവനം ഒഴുകിമാറി കൊച്ചി തീരത്തേക്ക്
കൊല്ലം: കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ധന പര്യവേക്ഷണത്തിന് തീരം കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ കൊച്ചി പോർട്ട് വഴിയാക്കാൻ നീക്കം ശക്തമായിട്ടും കൊല്ലം പോർട്ട് അധികൃതർക്കും ജനപ്രതിനിധികൾക്കും കുലുക്കമില്ല. രണ്ട് വർഷമായി സ്വപ്നം കാണുന്ന തീരസേവനം നഷ്ടമായാൽ കോടിക്കണക്കിന് രൂപയുടെ വരുമാനമാകും കൊല്ലം പോർട്ടിന് നഷ്ടമാവുക.
തീരസേവനത്തിനുള്ള ടെണ്ടറിൽ കൊല്ലം പോർട്ടാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ ഇതിനിടയിൽ കൊല്ലം പോർട്ടിലെ ഡ്രാഫ്ട് (ആഴം) 7.2 മീറ്ററിൽ നിന്ന് 5.6 മീറ്ററായി വെട്ടിച്ചുരുക്കിയതോടെയാണ് ഓയിൽ ഇന്ത്യ തീരസേവനം കൊച്ചി വഴിയാക്കാൻ ആലോചന തുടങ്ങിയത്. സിമന്റും പൈപ്പുകളും തുടർച്ചയായി പര്യവേക്ഷണ മേഖലയിലേക്ക് കൊണ്ടുപോകേണ്ടി വരുന്നതിനാൽ കൂടുതൽ ഭാരം വഹിക്കുന്ന കപ്പലുകളാകും തീരസേവനത്തിന്റെ ഭാഗമായി എത്തുക. ഡ്രാഫ്ട് വെട്ടിക്കുറച്ചതിനാൽ ഇത്തരം കപ്പലുകൾ അടുപ്പിക്കാനാകില്ലെന്ന ആശങ്കയും ഓയിൽ ഇന്ത്യയ്ക്കുണ്ട്.
ആഴക്കുറവിൽ 'അടിതട്ടി" പോർട്ട്
പോർട്ടിന്റെ ഡ്രാഫ്ട് (ആഴം) വർദ്ധിപ്പിക്കാൻ ഡ്രഡ്ജിംഗ് അനിവാര്യം
നിലവിൽ വലിയ കപ്പലുകൾ അടുക്കില്ല
ഡ്രഡ്ജിംഗിന് ഹാർബർ എൻജിനറിംഗ് തയ്യാറാക്കിയ എസ്റ്റിമേറ്റ് മാരിടൈം ബോർഡിന്റെ കൈവശം
ഭരണാനുമതി ലഭ്യമാക്കാൻ ജനപ്രതിനിധികൾ ഇടപെടണം
ജനപ്രതിനിധികളോ കേരള മാരിടൈം ബോർഡോ ഓയിൽ ഇന്ത്യയുമായി ചർച്ച നടത്തിയാൽ തീരസേവനം കൊച്ചിയിലേക്ക് കടത്താനുള്ള നീക്കത്തിന് തടയിടാം
യാർഡ് വാടക മാത്രം 1.44 കോടി
തീരസേവനത്തിന് ടെണ്ടറിൽ 10000 ചതുരശ്ര മീറ്റർ യാർഡ് വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. കൊല്ലം പോർട്ടിൽ 10 ചതുരശ്ര മീറ്ററിന് 30 രൂപയാണ് ഒരാഴ്ചത്തെ വാടക. ഇന്ധന പര്യവേക്ഷണം ഒരുവർഷം വരെ നീളും. അങ്ങനെ വരുമ്പോൾ 1.44 കോടി രൂപ യാർഡിന് മാത്രം കൊല്ലം പോർട്ടിന് വാടകയായി ലഭിക്കും.
വരുമാന വഴി
സിമന്റ് സംഭരിക്കുന്നതിന് ഗോഡൗൺ വാടക പൈപ്പ് സൂക്ഷിക്കാൻ യാർഡിന് വാടക ക്രെയിൻ, ഫോർക്ക്ലിഫ്ട് വാടക കപ്പലുകൾ എത്തുന്നതിന് ബെർത്ത് ചാർജ്
മറ്റ് പോർട്ട് ഡ്യൂസ്, ചാനൽ ഫീസ്
ഉദ്യോഗസ്ഥർ തങ്ങുന്നത് നഗരത്തിലെ ഹോട്ടലുകളിൽ