ജനറൽ സെക്രട്ടറി: ബേബിക്ക് സാദ്ധ്യതയേറി
മധുര: സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന്റെ ആവേശത്തിനിടെ പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിക്ക് ഇന്ന് 71-ാം പിറന്നാൾ. 1954 ഏപ്രിൽ അഞ്ചിനാണ് അദ്ദേഹത്തിന്റെ ജനനം. എന്നാൽ പിറന്നാൾ ആഘോഷം ബേബിയുടെ ജീവിത നിഘണ്ടുവിലുള്ളതല്ല. അതിനാൽ എല്ലാ ദിവസവും പോലെ തന്നെ ഇന്നും. പാർട്ടി കോൺഗ്രസ് തിരക്കിലാണെന്നതാണ് ഇത്തവണത്തെ സവിശേഷത. അദ്ദേഹത്തിന്റെ പത്നി ബെറ്റിയും മധുരയിലുണ്ട്. ആഘോഷം പതിവില്ലെന്ന് ബെറ്റിബേബി പറഞ്ഞു.
അതേസമയം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയുടെ സാദ്ധ്യത വർദ്ധിച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അശോക് ധാവ്ളെ, ബി.വി.രാഘവലു തുടങ്ങിയവരെക്കാൾ ദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവെന്ന പരിവേഷവും സീനിയോറിറ്റിയും ബേബിക്ക് തുണയാകും. മറ്റ് അട്ടിമറികൾ നടന്നില്ലെങ്കിൽ ബേബി തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
പിറന്നാൾ സമ്മാനമായി ആ പദവിയിലേക്ക് എത്തുമോയെന്ന് ഞായറാഴ്ച അറിയാം. ഇന്ന് ചേരുന്ന പാർട്ടി പി.ബി യോഗം ജനറൽ സെക്രട്ടറിയുടെ കാര്യത്തിൽ അന്തിമ ധാരണയിലെത്തും. തുടർന്ന് കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കും. നാളെ രാവിലെ പാർട്ടി കോൺഗ്രസ് മുമ്പാകെ അവതരിപ്പിക്കും.