ഓലപ്പടക്കം മുതൽ സ്‌കൈ ഷോട്ട് വരെ, പടക്ക വിപണി ഉണർന്നു
മലപ്പുറം: വിഷുവിനെ വരവേൽക്കാൻ ജില്ലയിൽ പടക്ക വിപണികൾ ഒരുങ്ങിക്കഴിഞ്ഞു. പടക്കത്തിന് പുറമേ പല നിറങ്ങളിലും വലുപ്പത്തിലുമുള്ള കത്തിക്കയറുന്ന പൂത്തിരി, കമ്പിത്തിരി, മത്താപ്പ്, നിലച്ചക്രം, സ്‌കൈ ഷോട്ട്, ഹാന്റ് ഷോട്ട്, കളർ കോട്ടി തുടങ്ങിയവയെല്ലാം വിപണിയിലെത്തി തുടങ്ങിയിട്ടുണ്ട്. പ്രധാനമായും തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നാണ് പടക്കങ്ങൾ എത്തുന്നത്. ചൈനീസ് പടക്കങ്ങളും മറ്റും എത്തിയിട്ടുണ്ട്. കാലം മാറിയതിനനുസരിച്ച് വിഷു വിപണിയിലും പല തരത്തിലുള്ള ആകർഷകമായ ഐറ്റങ്ങൾ എത്തിയിട്ടുണ്ടെങ്കിലും ഓലപ്പടക്കത്തിന് ഡിമാൻഡ് കുറയാൻ സാദ്ധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
വില ഇങ്ങനെ
ഓലപ്പടക്കത്തിന് ഒന്നിന് ആറ് രൂപയാണ് വില. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പടക്ക വില കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ വിഷുവിന് ഒന്നിന് എട്ട് രൂപയായിരുന്നു. മാലപ്പടക്കത്തിന് 20 രൂപ നൽകണം. 10 എണ്ണം വരുന്ന പൂത്തിരിയുടെ ഒരു ബോക്സിന് 70 രൂപയാണ് വില. ആറ് രൂപ മുതൽ 200 രൂപ വരെയുള്ള വിവിധതരം പൂക്കുറ്റികളുമുണ്ട്. നിലച്ചക്രത്തിന് നാല് രൂപയാണ്. വളരെ മുകളിലേക്ക് പോയി പൊട്ടുന്ന വിധത്തിലുള്ള സ്‌കൈ ഷോട്ടിന് 30 എണ്ണത്തിന് 650 രൂപ നൽകണം. കയ്യിലിരുന്ന് പൊട്ടുന്ന ഹാന്റ് ഷോട്ട് പടക്കങ്ങളും എത്തിയിട്ടുണ്ട്.
10 എണ്ണം വരുന്ന കളർകോട്ടിയ്ക്ക് 140 രൂപയും പിരി പിരിയ്ക്ക് 30 രൂപയുമാണ് വില. വിപണി കളറാക്കാൻ നാടൻ സ്റ്റിക്ക് ലൈറ്റുകളുമുണ്ട്. 50 മുതൽ 80 രൂപ വരെയാണ് വില വരുന്നത്.
പെരുന്നാളിനോട് അനുബന്ധിച്ച് പടക്കവും പൂത്തിരിയും മത്താപ്പുമെല്ലാം വാങ്ങാനായി നിരവധി പേരെത്തിയിരുന്നു. വിഷുവിന്റെ തിരക്ക് ആവുന്നതേയുള്ളൂ. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്‌കൈ ഷോട്ടിനാവും ആവശ്യക്കാർ എത്താൻ സാദ്ധ്യത.
അൻസാർ, ശിവകാശി ഫയർ ക്രാക്കേഴ്സ് എ.കെ.സൺസ്