കുണ്ടന്നൂർ - അങ്കമാലി ദേശീയ പാത; വിശദപദ്ധതി രേഖ പുരോഗമിക്കുന്നു
കൊച്ചി: കുണ്ടന്നൂർ - അങ്കമാലി ദേശീയ പാത വികസനത്തിനായുള്ള വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കൽ പുരോഗമിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക് സഭയിൽ പറഞ്ഞു. ഹൈബി ഈഡൻ എം. പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. കുണ്ടന്നൂർ - അങ്കമാലി ദേശീയ പാത വികസനത്തിനായുള്ള വിശദപദ്ധതി രേഖയുടെ പരിധിയിൽ അലൈൻമെന്റ് പഠനം, സാദ്ധ്യതാ പഠനം, ഭൂമി ഏറ്റെടുക്കൽ വിലയിരുത്തൽ ഉൾപ്പെടെ നിർമ്മാണത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു. സാദ്ധ്യതാ പഠനത്തിന്റെ ഭാഗമായി നെട്ടൂരിനെ, നിർദ്ദിഷ്ട എൻ.എച്ച് -544, നിലവിലുള്ള എൻ.എച്ച്-966B, എൻ.എച്ച്-66 എന്നിവയുടെ ജംഗ്ഷൻ പോയിന്റായി നിശ്ചയിച്ചിട്ടുണ്ടെന്നും ഹൈബി ഈഡന് മന്ത്രി മറുപടി നൽകി.
നെട്ടൂരിലെ ക്ലോവർലീഫ് മേൽപ്പാലം, ഇന്റർസെക്ഷൻ ഉൾപ്പെടുന്ന, വിവിധ അലൈൻമെന്റ് ഓപ്ഷനുകൾ സംബന്ധിച്ച് , ദേശീയ പാതാ അതോറിട്ടി അധികൃതർ, കേന്ദ്ര പ്രതിരോധ വകുപ്പ്, കൊച്ചിൻ പോർട്ട് എന്നിവയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നും മറുപടിയിലുണ്ട്.