നിയമനം ലഭിക്കാതെ സമരം ചെയ്യുമ്പോൾ അവസരങ്ങൾ സ്വയം സൃഷ്ടിക്കാൻ പാലക്കാട്ടെ ഉദ്യോഗാർത്ഥികൾ

Sunday 06 April 2025 1:22 AM IST
എൽ.പി.എസ്.ടി ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ ബോധവത്കരണത്തിനിടെ

പാലക്കാട്: റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും സർക്കാർ ജോലി ലഭിക്കാത്തതിനാൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ ശയനപ്രദക്ഷിണം നടത്തി സമരം ചെയ്യുമ്പോൾ വേറിട്ട പദ്ധതിയുമായി പാലക്കാട്ടെ ഒരുകൂട്ടം യുവാക്കൾ. അവസരങ്ങളെ കാത്തിരിക്കുന്ന ആളുകളുള്ള സമൂഹത്തിൽ തങ്ങൾക്കുള്ള അവസരങ്ങളെ സ്വയം സൃഷ്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണിവർ. കേരള പി.എസ്.സി കാറ്റഗറി നമ്പർ 709/2023 പ്രകാരം പാലക്കാട് ജില്ലയിൽ കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച എൽ.പി.സ്കൂൾ ടീച്ചർ(മലയാളം മീഡിയം) ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഒരുകൂട്ടം ഉദ്യോഗാർത്ഥികളാണിവർ. നിലവിലെ പാലക്കാട് എൽ.പി.എസ് റാങ്ക് പട്ടിക 2025 മേയ് 30ന് അവസാനിക്കും. 700 ലധികം പേരുള്ള ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നാളിതുവരെയായി 230 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മേയ് 31ന് പുതിയ എൽ.പി.എസ്.ടി റാങ്ക് പട്ടിക നിലവിൽ വരുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് നിയമന പ്രതിസന്ധിയുണ്ടാകരുത് എന്നതാണ് പുതിയ ദൗത്യത്തിന് പിന്നിലെ കാരണം. മതിയായ ഒഴിവുകൾ ഉണ്ടെങ്കിൽ മാത്രമേ റാങ്ക് പട്ടികയിലുള്ള മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമനം ലഭിക്കുകയുള്ളൂ.

 ആദ്യലക്ഷ്യം കൊഴിഞ്ഞുപോക്ക് തടയൽ

പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കൊഴിഞ്ഞു പോക്കാണ് ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രധാന പ്രതിസന്ധി. ഓരോ വർഷവും കുട്ടികൾ കുറയുന്നതോടെ സ്കൂളുകളിൽ ഡിവിഷനുകൾ വെട്ടിച്ചുരുക്കും. ഇതോടെ നിയമന സാദ്ധ്യതയും കുറയും. ഇതു പരിഹരിച്ചാൽ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം ലഭിക്കുകയുള്ളൂ.

ഈ ആശങ്കയാണ് പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുക എന്ന കാമ്പയിനുമായി മുന്നിട്ടിറങ്ങാൻ കാരണം. പാലക്കാട് ജില്ലയിലെ 12 ഉപജില്ലകളിലായി ഗവൺമെന്റ് എൽ.പി സെക്ഷൻ ഉള്ള 242 സ്കൂളുകളുണ്ട്. ഈ സ്കൂളുകളിൽ വരും വർഷം ഉണ്ടായേക്കാവുന്ന ഡിവിഷൻ ഫോളുകൾ കുറയ്ക്കാൻ ഓരോ സ്കൂളും സന്ദർശിച്ച് അവിടുത്തെ സാഹചര്യം മനസിലാക്കിയുള്ള പ്രവർത്തനമാണ് നടത്തുന്നത്. രക്ഷിതാക്കളെ ബോധവത്കരിച്ച് കുട്ടികളെ സ്കൂളിൽ ചേർത്തുക. ഇതിനായി സ്കൂൾ പ്രിൻസിപ്പൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവരുടെ സഹകരണമുണ്ട്. സ്കൂളുകളിൽ അക്കാദമിക-അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും യാത്ര സൗകര്യം കുറഞ്ഞ സ്കൂളുകളിൽ വാഹന സൗകര്യം ഉറപ്പാക്കാൻ മുൻകൈയെടുക്കുകയും ചെയ്യുന്നുണ്ട് ഉദ്യോഗാർത്ഥികൾ.