യുവാക്കളെ കുരുക്കി 'ഡയറക്ട്' തട്ടിപ്പുകാർ
കൊച്ചി: ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനങ്ങളിലെ ഉള്ളുലയ്ക്കുന്ന തട്ടിപ്പുകൾക്ക് കൊച്ചി കേന്ദ്രമാകാൻ തുടങ്ങിട്ട് നാളേറെയായി. ഇതര ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പാവപ്പെട്ട കുടുംബങ്ങളിലെ 18-നും 22-നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളാണ് തട്ടിക്കൂട്ട് സ്ഥാപനങ്ങളുടെ ഇര. മികച്ച ശമ്പളം, അസിസ്റ്റന്റ് മാനേജർ പദവി, താമസം, ഭക്ഷണം തുടങ്ങിയ പരസ്യങ്ങളിലൂടെയാണ് കെണിയൊരുക്കുക.
രജിസ്ട്രേഷൻ പോലുമില്ലാത്ത തട്ടിപ്പു കേന്ദ്രങ്ങൾ വൻകിട സ്ഥാപനങ്ങളെന്നും അവയുടെ ബ്രാഞ്ചുകളെന്നുമൊക്കെയാണ് അവതരിപ്പിക്കപ്പെടുക. അഭിമുഖം പേരിനു മാത്രം. ആറു മാസം 3,000 മുതൽ 6,000 രൂപ വരെയുള്ള തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യണം. പിന്നീട് ഉന്നത തസ്തികകളിൽ ജോലി നൽകുമെന്നും അടുത്ത ദിവസം തന്നെ ജോലിയിൽ പ്രവേശിക്കണമെന്നും നിരവധിപ്പേർ കാത്തുനിൽക്കുന്നുവെന്നും പറഞ്ഞ് വിശ്വസിപ്പിക്കും.
സാമ്പത്തിക പരാധീനതകളും കുടുംബ പ്രശ്നങ്ങളും മൂലമെത്തുന്നവർ വാഗ്ദാനങ്ങളിൽ മൂക്കുംകുത്തി വീഴും. കൈയിലെത്തിയ 'സൗഭാഗ്യം' കളയേണ്ടെന്ന തീരുമാനത്തിൽ ജോലിയിൽ പ്രവേശിക്കും. വിദ്യാഭ്യാസ യോഗ്യതകളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ നിർബന്ധിച്ച് വാങ്ങിയെടുക്കുന്നതാണ് ചതിയുടെ ആദ്യ പടി. പിന്നീട് കരാറിൽ ഒപ്പുവയ്പ്പിക്കും.
മോട്ടിവേഷൻ ക്ലാസും പ്രീതി നേടലും
ജോയിൻ ചെയ്യുന്ന അന്ന് മുതൽ താമസ സൗകര്യം നൽകും. പെൺകുട്ടികൾ ഉൾപ്പെടെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ പഠിപ്പിക്കുന്നതിന് ചെറിയ ഹാളിൽ 10 മുതൽ 15 പേർ വരെ തിങ്ങിഞ്ഞെരുങ്ങി താമസിക്കണം. പിന്നീട് ദിവസവും മോട്ടിവേഷൻ ക്ലാസാണ്. മാർക്കറ്റിംഗ് പാതയിലൂടെ ജീവിത വിജയം നേടിയെന്ന് പറഞ്ഞ് എല്ലാ ദിവസവും പലരെയും പരിചയപ്പെടുത്തും.
കഴിവിനെ അളക്കാനും കമ്മ്യൂണിക്കേഷൻ സ്കിൽ അറിയാനുമെന്ന് ധരിച്ചാണ് മാർക്കറ്റിംഗിന് അയക്കുക. സോപ്പും ചീപ്പും മീൻവെട്ടുന്ന കത്തിയും മുതൽ മസാജറുകൾ വരെ വിൽക്കാൻ എടുത്താൽ പൊങ്ങാത്ത ബാഗും തൂക്കി വീടുവീടാന്തരം കയറിയിറങ്ങണം. പിന്നീട് അങ്ങോട്ട് ടാർജറ്റ് നിശ്ചയിക്കും. അത് ഇൻസെന്റീവ് കിട്ടാനും ട്രെയിനിംഗ് കാലാവധി കുറയ്ക്കാനുമെന്ന് വിശ്വസിപ്പിക്കും.
ഇതോടെ വിറ്റുപോവുന്ന സാധനങ്ങളുടെ എണ്ണം കൂടും. ടാർജറ്റ് തികച്ചാൽ എല്ലാവരുടെയും മുന്നിൽ അഭിനന്ദനം. ഒപ്പം ഇത്ര സാധനങ്ങൾ വിൽക്കണം എന്ന് നിർബന്ധമില്ല... കൂടുതൽ വിറ്റാൽ സ്ഥിരം ജോലി വേഗം കിട്ടുമെന്ന് കൂടി പറയുന്നതോടെ സംഗതി സെറ്റ്.
ടാർജറ്റ് തികച്ചില്ലേൽ പീഡനം
സ്ഥിരമായി ടാർജറ്റ് തികയ്ക്കാത്തവരെ കളിയാക്കുകയും ശിക്ഷിക്കുകയും ചെയ്യും. പിന്നീട് ഇത് പീഡനത്തിലേക്ക് മാറും. നാണക്കേടും സർട്ടിഫിക്കറ്റുകളും ഓർത്ത് പലരും സഹിക്കും. തുടക്കത്തിൽ പറഞ്ഞ ആറു മാസത്തിനുള്ളിൽ പരമാവധി സാധനങ്ങൾ വിൽപ്പിക്കും. ആറു മാസത്തിനു ശേഷം നിസാര കാരണങ്ങൾ പറഞ്ഞ് പരിശീലന കാലാവധി നീട്ടുകയോ പിരിച്ചുവിടുകയോ ചെയ്യും. ഒരാളിൽ നിന്ന് ആറു മാസത്തിൽ ലക്ഷങ്ങൾ സ്ഥാപനങ്ങൾ നേടും.
നാളെ: ഇടപ്പള്ളിയിലെ കാപ്‌സ് ഐക്കോ എന്ന സ്ഥാപനത്തിൽ നിന്ന് 13 വർഷം മുൻപ് ഏഴ് യുവതികളും 12 യുവാക്കളും രക്ഷപ്പെട്ടത് സാഹസികമായി