വർദ്ധിച്ച് പട്ടികജാതി - വർഗ അക്രമം; ഒമ്പത് വർഷത്തിനിടെ 10,043 കേസ്

Sunday 06 April 2025 12:42 AM IST

കോഴിക്കോട്: സംസ്ഥാനത്ത് പട്ടികജാതി - വർഗക്കാർക്കെതിരെയുള്ള അതിക്രമം വർദ്ധിക്കുന്നതായി പൊലീസിൻ്റെ കണക്ക്. ഒമ്പതു വർഷത്തിനിടെ 10,043 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ജനുവരി വരെയുള്ള കണക്കാണിത്.

പട്ടികജാതി - വർഗങ്ങൾക്ക് എതിരായ അക്രമം തടയൽ നിയമപ്രകാരമാണ് കേസെടുക്കുന്നത്. ഇന്ത്യയുടെ കണക്കെടുത്താൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജാതി അധിക്ഷേപം ന‌ടത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ കുറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മതിയായ തെളിവുകളും സാക്ഷികളും മറ്റുമില്ലാത്തതിനാൽ കേസുകൾ തള്ളിപ്പോകുന്നുമുണ്ട്. ഇതാണ് ശിക്ഷാനിരക്ക് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം വ്യക്തിവിരോധം തീർക്കാൻ കെട്ടിച്ചമയ്ക്കുന്ന കേസുകളുമുണ്ടെന്നും പറയുന്നു. കേസുകളുടെ വർദ്ധനയ്ക്ക് ഇതും കാരണമാകാം. നിയമം ശക്തമായി നടപ്പാക്കണമെന്നാണ് പിന്നാക്ക ക്ഷേമ സംഘടനകളുടെ ആവശ്യം. 2022ൽ ഇന്ത്യയിൽ പട്ടികജാതി വിഭാ​ഗങ്ങൾക്കെതിരായ അതിക്രമങ്ങളുടെ 97.7 ശതമാനവും 13 സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളാണ് മുന്നിൽ. 2022ൽ പട്ടികജാതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത 51,656 കേസുകളിൽ, ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ. 12,287 കേസുകൾ 23.78 ശതമാനം.

കേസുകളുടെ എണ്ണം

വർഷം - എസ്.സി - എസ്.ടി - ആകെ

2016....... 810.......182.......992

2017....... 916.......144.......1060

2018....... 887.......138.......1025

2019....... 858.......140.......998

2020....... 846.......130.......976

2021....... 948.......133.......1081

2022...... 1050......172.......1222

2023.......1128.......185.......1313

2024.......1103.......166.......1269

2025....... 96.......11.......107

(ജനുവരി വരെ)

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് : 2023 ൽ - 1313

2016 ൽ 992 കേസുകൾ.

കൂടുതൽ അറസ്റ്റ് : 2022 ൽ - 1629 പേർ