എച്ച്.എം.ഡി പുതിയ മ്യൂസിക് ഫീച്ചർ ഫോണുകൾ പുറത്തിറക്കി

Sunday 06 April 2025 2:13 AM IST

കൊച്ചി: ഹ്യൂമൻ മൊബൈൽ ഡിവൈസസ് (എച്ച്.എം.ഡി) ഏറ്റവും പുതിയ ഫീച്ചർ ഫോണുകളായ എച്ച്.എം.ഡി 130 മ്യൂസിക്, എച്ച്.എം.ഡി 150 മ്യൂസിക് എന്നിവ പുറത്തിറക്കി. സംഗീത പ്രേമികൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഇരുമോഡലുകളും ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയോടെയാണ് എത്തുന്നത്. രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാരയുടെ സാന്നിദ്ധ്യത്തിൽ, എച്ച്.എം.ഡി ഇന്ത്യ ആൻഡ് എപിഎസി വൈസ് പ്രസിഡന്റും സി.ഇ.ഒയുമായ രവി കുൻവാർ പുതിയ മോഡലുകൾ അവതരിപ്പിച്ചു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസുമായുള്ള പങ്കാളിത്ത വിപുലീകരണവും ഇതോടൊപ്പം എച്ച്.എം.ഡി പ്രഖ്യാപിച്ചു.

ടൈപ്പ് സി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 2500 എം.എ.എച്ച് ബാറ്ററിയാണ് എച്ച്.എം.ഡി 130 മ്യൂസിക്, എച്ച്.എം.ഡി 150 മ്യൂസിക് മോഡലുകളിലുളളത്. ഇത് 50 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും 36 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും നൽകും. ബാറ്ററികൾ ഊരിമാറ്റാനാവുന്ന വിധത്തിലാണ് രൂപകല്പന. സ്‌ക്രാച്ച്‌റെസിസ്റ്റന്റ് സ്‌ക്രീൻ, വയർലെസ് ആൻഡ് വയേർഡ് എഫ്എം റേഡിയോ, എഫ്എം റെക്കാഡിംഗ്, ബ്ലൂടൂത്ത് 5.0, 32 ജിബി വരെ ദീർഘിപ്പിക്കാവുന്ന എസ്ഡി കാർഡ് ശേഷി, ഹിന്ദിയിലും ഇംഗ്ലീഷിലും ടെക്സ്റ്റ് ടു സ്പീച്ച് സൊല്യൂഷൻ സാദ്ധ്യമാക്കുന്ന ഫോൺ ടോക്കർ തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ. യുപിഐ പേയ്‌മെന്റ് പിന്തുണയ്ക്കുന്ന എച്ച്എംഡി 130 മ്യൂസിക്കിൽ കൂടുതൽ സൗകര്യത്തിനായി ഡബിൾ ഫ്‌ളാഷ്‌ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ലളിതമായ ഇന്റർഫേസ് ഉപയോഗിച്ച് പേയ്‌മെന്റുകൾ നടത്താനും സ്വീകരിക്കാനും സഹായിക്കുന്ന സ്‌കാൻ ആൻഡ് പേ ഫീച്ചറാണ് എച്ച്എംഡി 150 മ്യൂസിക്കിലുള്ളത്.

എച്ച്.എം.ഡി 130 മ്യൂസിക് നീല, ഡാർക് ഗ്രേ, ചുവപ്പ് നിറങ്ങളിൽ 1,899 രൂപ വിലയിൽ ലഭ്യമാവും. ഇളം നീല, പർപ്പിൾ,ഗ്രേ എന്നീ ട്രെൻഡി നിറങ്ങളിൽ ലഭ്യമായ എച്ച്.എം.ഡി 150 മ്യൂസിക് മോഡലിന് 2399 രൂപയാണ് വില.