പൊന്ന് വില താഴേക്ക്
Sunday 06 April 2025 2:17 AM IST
കൊച്ചി: തുടർച്ചയായ രണ്ടാംദിനവും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 8310 രൂപയും പവന് 720 രൂപ കുറഞ്ഞ് 66,480 രൂപയുമായി. രണ്ട് ദിവസം കൊണ്ട് 2000 രൂപയുടെ കുറവാണ് പവൻ വിലയിൽ ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ ഇടിവിനെ തുടർന്നാണ് കേരളത്തിലും സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3166.99 ഡോളർ എന്ന സർവകാല റെക്കാഡ് തൊട്ടിട്ടാണ് ഇന്നലെ 3018ലേക്ക് താണത്. സ്വർണനിക്ഷേപങ്ങളിലെ അമിതമായ ലാഭമെടുപ്പും സ്വർണവില മൂക്കുകുത്താനിടയാക്കി. താരിഫ് പ്രഖ്യാപനം വരുംദിനങ്ങളിലും സ്വർണവിലയിൽ ഇടിവുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.