ഇ-കൊമേഴ്സിൽ വ്യാജ പ്രളയം
കൊച്ചി: ഇ-കൊമേഴ്സിലൂടെ വിൽക്കുന്ന ഭക്ഷ്യവസ്‌തുക്കളുൾപ്പെടെയുള്ള മിക്ക ഉത്പന്നങ്ങൾക്കും ഗുണനിലവാരമില്ല. കൊച്ചിയിലുൾപ്പെടെ ഇ-കൊമേഴ്സ് സ്ഥാപനങ്ങളിൽ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ് ) നടത്തിയ റെയ്ഡിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഗുണനിലവാരമില്ലാത്ത നൂറുകണക്കിന് ഭക്ഷ്യോത്പന്നങ്ങൾ, വ്യാജ ഐ.എസ്.ഐ മാർക്ക്, നിർമ്മാതാക്കളുടെ പേരോ നിർമ്മാണ തീയതിയോ ഇല്ലാത്ത ഉത്പന്നങ്ങൾ അങ്ങനെ പലവിധത്തിലാണ് തട്ടിപ്പ്.
രണ്ടു മാസത്തിനിടെ കണ്ടെത്തിയ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി റെയ്ഡും നിയമനടപടിയും കടുപ്പിക്കുകയാണ് ബി.ഐ.എസ്.
രാജ്യത്ത് 769 ഇനം ഉത്പന്നങ്ങൾക്ക് ഗുണനിലവാര സർട്ടിഫിക്കറ്റ് കേന്ദ്രസർക്കാർ കർക്കശമാക്കിയിരുന്നു. ഐ.എസ്.ഐ മുദ്ര, ബി.ഐ.എസ് നൽകുന്ന കംപ്ളയൻസ് സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും പാട്ടത്തിന് നൽകുന്നതും നിരോധിച്ചിട്ടുണ്ട്. നിയമലംഘകർക്ക് പിഴയും തടവും ലഭിക്കും.
ഗുണനിലവാര സർട്ടിഫിക്കറ്റില്ലാത്ത വസ്തുക്കൾ
കൊച്ചി വിമാനത്താവളത്തിലൂടെ എത്തുന്നവയ്‌ക്കും ഇ-കൊമേഴ്സ് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നവയ്‌ക്കും ഗുണനിലവാര സർട്ടിഫിക്കറ്റുകളോ ഐ.എസ്.ഐ മുദ്രയോ ഇല്ല.
ഡൽഹിയിലെ മോഹൻ കോ-ഓപ്പറേറ്റീവ് വ്യവസായമേഖലയിലെ ആമസോൺ ഗോഡൗണിൽ നിന്ന് 3,500ലധികം ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
ഡൽഹി ത്രിനഗറിലെ ഇൻസ്റ്റാകാർട്ട് സർവീസസിൽ നിന്ന് ഐ.എസ്.ഐ മുദ്രയില്ലാത്തവും വ്യാജമുദ്രയുള്ളതുമായ 590 ജോഡി സ്‌പോർട്സ് ഫുട്‌വെയർ പിടിച്ചെടുത്തു
ഗുഡ്ഗാവ്, ഹരീദാബാദ്, ശ്രീപെരുമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലും വ്യാജ ഉത്പന്നങ്ങൾ പിടികൂടി.
'വാങ്ങുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഉപഭോക്താക്കളും തയ്യാറാകണം".
ബി.ഐ.എസ് അധികൃതർ