പൈങ്കുനി ഉത്ര ഉത്സവം: ശബരിമലയിൽ ഇന്ന് വിളക്കിനെഴുന്നെള്ളത്ത്
ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ശബരിമലയിൽ വിളക്കിനെഴുന്നെള്ളത്ത് നടക്കും. ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷമാണ് വിളക്കിനെഴുന്നെള്ളത്ത് . വെളിയനല്ലൂർ മണികണ്ഠനെന്ന കൊമ്പൻ ദേവന്റെ തിടമ്പേന്തും. ഉത്സവത്തിനായി നടതുറന്ന ശേഷം ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തിയത്. തിരക്ക് കുറവായതിനാൽ സുഖ ദർശനം ലഭിക്കുന്നുണ്ട്. പതിനെട്ടാം പടി കയറിയെത്തുന്നവരെ കൊടിമരത്തിന്റെ ഇരുവശത്തുകൂടി നേരിട്ട് സന്നിധാനത്തേക്ക് കടത്തിവിട്ടാണ് ദർശനം നൽകുന്നത്.
പള്ളിവേള്ള 10ന് നടക്കും. 11നാണ് ആറാട്ട്. രാവിലെ 9ന് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്ര പുറപ്പെടും. ആറാട്ടിനുശേഷം ദേവനെ പമ്പാഗണപതി കോവിലിലേക്ക് എഴുന്നെള്ളിച്ചിരുത്തും. വൈകിട്ട് 3ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ദീപാരാധന എന്നിവ നടക്കും. മേടവിഷു ഉത്സവം 10ന് ആരംഭിക്കും. 14നാണ് വിഷു. മേടമാസ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും.