ഉയരത്തിൽ പച്ചപിടിച്ച പച്ചമുളക് ചെടിക്ക് ലോക റിക്കാർഡ്

Saturday 05 April 2025 11:37 PM IST

മല്ലപ്പള്ളി: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പച്ചമുളക് ചെടിക്ക് യു ആർ എഫ് ലോക റിക്കാർഡ്. കല്ലൂപ്പാറ കടമാൻകുളം മേട്ടിൻപുറത്ത് ജയിംസ് ഏബ്രഹാമിന്റെ വീട്ടുമുറ്റത്ത് 17 .4 അടി ഉയരത്തിൽ വളർന്ന പച്ചമുളകു ചെടിയാണ് കൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്‌സൽ റിക്കാർഡ് ഫോറത്തിന്റെ റിക്കാർഡ് ബുക്കിൽ ഇടം പിടിച്ചത്. മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് സർട്ടിഫിക്കറ്റ് കൈമാറി. കൃഷി ഓഫീസർ പ്രവീണ ഫലകവും യു ആർ എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മെഡലും നൽകി. വാർഡ് മെമ്പർ പി . ജ്യോതി, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ സി ബിനിഷ്,അനിഷ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

ഒരു മാസം മുമ്പ് കല്ലൂപ്പാറ കൃഷി ഓഫീസർ എ പ്രവീണയുടെ നേതൃത്വത്തിലുള്ള സംഘം ചെടിയുടെ അളവുകളും, ഇനവും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജൂണിലാണ് മല്ലപ്പള്ളി ചന്തയിലെ വിൽപ്പനക്കാരനിൽ നിന്ന് വാങ്ങിയ മുളകു ചെടികൾ വീടിന് സമീപം നട്ടത്. സാധാരണ പരിചരണവും നൽകി. ഒരുചെടിക്ക് മാത്രം അസാധാരണ വളർച്ച കണ്ടതോടെ ജയിംസ് വീടിന്റെ ബീമിൽ താങ്ങുകാൽ ഉപയോഗിച്ച് ചെടിയെ കേടുകൂടാതെ സംരക്ഷിച്ചു. വളർച്ചപോലെ ഉത്പാദനത്തിലും മികച്ചുനിൽക്കുന്നു.