മലപ്പുറം ഇനി സൂപ്പർ ക്ലീൻ ; മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനം നടത്തി

Saturday 05 April 2025 11:51 PM IST

മലപ്പുറം: മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ നടന്നു. മാലിന്യത്തെ തുടച്ചു നീക്കാൻ ഇനിയും ജനകീയ പങ്കാളിത്തം ആവശ്യമാണെന്ന് പി.ഉബൈദുള്ള എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു. മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചാൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലും ഇതിനെയെല്ലാം അതിജീവിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹരിത കർമ്മ സേനകളുടെയും സഹകരണത്തോടെ പ്രത്യേക താല്പര്യം എടുത്ത് പ്രവർത്തിച്ചതിനാലാണ് കേരളത്തിലെ മറ്റ് ജില്ലകളെല്ലാം മാലിന്യ മുക്ത ജില്ലകളായി പ്രഖ്യാപിക്കുന്നതിന് മുമ്പ് മലപ്പുറം ജില്ലയ്ക്കതിന് സാധിച്ചത്. സാക്ഷരതയിലും അക്ഷയയിലും കുടുംബശ്രീയിലും ജില്ല മാതൃക സൃഷ്ടിച്ചിട്ടുണ്ട്. മാലിന്യമുക്തത്തിന് വേണ്ടിയും ഈ മാതൃക നാം പിന്തുടരണം. മാലിന്യം സംസ്‌ക്കരിക്കേണ്ടത് ആവശ്യമാണ്. ഹരിതകർമ്മ സേനാംഗങ്ങൾക്ക് മാലിന്യം ശേഖരിക്കുന്നതിന് 50 രൂപ പോലും നൽകാൻ വിമുഖത കാണിക്കുന്നവരുണ്ട്. ആളുകളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ വി.ആർ.വിനോദ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.ബി.ഷാജു, മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസൻ ആറ്റുപുറം, തിരൂങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി സംസാരിച്ചു.

ജില്ലയിൽ ഇങ്ങനെ

ജില്ലയിൽ മാർച്ച് മാസത്തിൽ 10 ലക്ഷത്തിലധികം വീടുകളും സ്ഥാപനങ്ങളും ഹരിതകർമ്മ സേനക്ക് ഹരിത മിത്രം ആപ്പ് വഴി പാഴ് വസ്തുക്കൾ നൽകി. ഹരിത ടൗണുകൾ 145, ഹരിത മാർക്കറ്റ് പൊതുവിടങ്ങൾ 141, ഹരിത വിദ്യാലയം 1606, ഹരിത കലാലയങ്ങൾ 156, ഹരിത ഓഫീസുകൾ 5124, ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങൾ 13, ഹരിത അയൽക്കൂട്ടങ്ങൾ 33532 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്. 3489 ഹരിതകർമ സേനാംഗങ്ങളാണ് സജീവമായി പ്രവർത്തിക്കുന്നത്. 253 ഇടങ്ങളിലാണ് മാലിന്യം തള്ളുന്നവരെ പിടികൂടാനായി ക്യാമറകൾ സ്ഥാപിച്ചത്.

ഇവരാണ് ടോപ്പ്

ചടങ്ങിൽ മാലിന്യ സംസ്‌കരണ മേഖലയിൽ മികവ് പുലർത്തിയവർക്കുള്ള ഉപഹാരം സമ്മാനിച്ചു. മികച്ച പഞ്ചായത്തായി തിരഞ്ഞെടുത്തത് പുറത്തൂരിനെയാണ്. ചുങ്കത്തറ, കരുളായി യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂരങ്ങാടി എന്നിവയെ ആദ്യ മൂന്ന് മികച്ച ബ്ലോക്ക് പഞ്ചായത്തുകളായി തിരഞ്ഞെടുത്തു. പെരിന്തൽമണ്ണ, പൊന്നാനി, കോട്ടക്കൽ നഗരസഭകൾ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കി. ഹരിത മിത്രം ആപ്പ് വഴി മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച മൂത്തേടം ഗ്രാമപഞ്ചായത്ത്, മികച്ച ഹരിത സ്ഥാപനമായി കോട്ടക്കൽ ആര്യവൈദ്യശാല, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പെരുമ്പടപ്പ്, മികച്ച സ്‌കൂളായി മൂത്തേടം ഗവൺമെന്റ് ഹെസ്്ക്കൂൾ മികച്ച എം.സി.എഫ് പ്രവർത്തനങ്ങൾക്ക് വെട്ടം ഗ്രാമപഞ്ചായത്ത്, മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് ചെറുമുക്ക് യൂത്ത് ഡിഫഫൻസ് ക്ലബ്ബ് തുടങ്ങിയവർക്കുള്ള നിരവധി പുരസ്‌ക്കാരങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു.