ചെറുകാവ് സർവ്വീസ് സഹകരണ ബാങ്കിൽ 11.51 കോടിയുടെ സാമ്പത്തിക തട്ടിപ്പ്
ഐക്കരപ്പടി: കൊണ്ടോട്ടി ചെറുകാവ് ഗ്രാമപഞ്ചായത്തിലെ ചെറുകാവ് സർവ്വീസ് സഹകരണ ബാങ്കിൽ 11.51 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി വാർഷിക ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി. മാർച്ച് 25ന് നടന്ന ഓഡിറ്റിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. യു.ഡി.എഫ് ഭരണ സമിതിക്കു കീഴിലാണ് ബാങ്കിന്റെ പ്രവർത്തനം. ക്രമക്കേടിൽ ആരോപണ വിധേയനായ ബാങ്ക് സെക്രട്ടറി പൈക്കാരത്തൊടി ആസിഫിനെതിരെ സഹകരണ വകുപ്പ് അധികൃതർ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി.സഹകരണ വകുപ്പ് കൊണ്ടോട്ടി അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്നുള്ള ഓഡിറ്റ് യൂണിറ്റാണ് പരിശോധന നടത്തിയത്. നിക്ഷേപത്തിൽ 10.41 കോടി രൂപയുടേയും സ്വർണ്ണ പണയ ഇടപാടുകളിൽ 1.10 കോടി രൂപയുടേയും കുറവ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിൽ സൂക്ഷിക്കാവുന്ന തുകയുടെ പരിധിക്കു ശേഷമുള്ള പണം മറ്റു ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ച കണക്കുകളിലാണ് കുറവുള്ളത്. ബാങ്കിലെ രേഖകളെ അപേക്ഷിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുക കുറവാണെന്നാണ് ഓഡിറ്റിലെ കണ്ടെത്തൽ.തട്ടിപ്പ് വിവരമറിഞ്ഞ് നിക്ഷേപകർ ആശങ്കയിലാണ്. സഹകരണ വകുപ്പ് കൊണ്ടോട്ടി അസിസ്റ്റന്റ് രജിസ്ട്രാറും ബാങ്ക് പ്രസിഡന്റും നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ പി.എം. ഷമീർ അറിയിച്ചു.