സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റൽ പേമെന്റ്

Sunday 06 April 2025 2:02 AM IST

തിരുവനന്തപുരം: വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ സർക്കാർ ആശുപത്രികളിൽ സംവിധാനം ഒരുക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിലാണ് സജ്ജമക്കിയത്. ബാക്കിയുള്ള ആശുപത്രികളിൽ ഉടൻ നടപ്പിലാക്കും. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യു.പി.ഐ (ഗുഗിൾ പേ, ഫോൺ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്. ഇൻഫർമേഷൻ കേരള മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓൺലൈനായി ഒ.പി ടിക്കറ്റ്, എം.ഇ ഹെൽത്ത് ആപ്പ്, സ്‌കാൻ എൻ ബുക്ക് സംവിധാനങ്ങൾ എന്നിവയുടെ ഉദ്ഘാടനം നാളെ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ഓൺലൈനായി ഒ.പി ടിക്കറ്റ്

ആരോഗ്യ വകുപ്പിന് കീഴിൽ വരുന്ന എല്ലാ മോഡേൺ മെഡിസിൻ ആശുപത്രികളിലും ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതിന് വേണ്ടി ഒ.പി. ടിക്കറ്റ് ഓൺലൈനായി എടുക്കുവാൻ സൗകര്യമൊരുക്കും. ആദ്യഘട്ടത്തിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിൽ വരുത്തിയിട്ടുള്ള 687 ആശുപത്രികൾ കൂടാതെ 80 ഓളം ആരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ, അക്ഷയ കേന്ദ്രം എന്നിവ മുഖേന പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

എം.ഇ.ഹെൽത്ത്

മൊബൈൽ ആപ്പ്

ഒരു വ്യക്തിക്ക് തന്റെ യു.എച്ച്. ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് തന്റേയും തന്റെ കുടുംബാംഗങ്ങളുടേയും ചികിത്സാ വിവരങ്ങൾ, മരുന്ന് കുറിപ്പടികൾ, ലാബ് ടെസ്റ്റ് റിപ്പോർട്ടുകൾ മുതലായ ഡിജിറ്റൽ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുന്നതാണ് എം.ഇ.ഹെൽത്ത് ആപ്പ്.ഇതിലൂടെ ഒ.പി. ടിക്കറ്റ് എടുക്കുവാനും സാധിക്കും.

സ്‌കാൻ എൻ ബുക്ക്

മുൻകൂറായി ടോക്കൺ എടുക്കാതെ വരുന്ന രോഗികൾക്ക് ക്യൂ ഇല്ലാതെ ടോക്കൺ എടുക്കാൻ കഴിയുന്നതാണ് സ്‌കാൻ എൻ ബുക്ക്. ആശുപത്രിയിലെ ക്യു.ആർ കോഡ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് ഒ.പി ടിക്കറ്റ് ഓൺലൈനായി എടുക്കാനാകും.