ജോലിക്ക്  ഉതകുന്ന  ഓൺലൈൻ  കോഴ്സ്, കേരള  യൂണി.  ബിരുദ  പഠനത്തിനൊപ്പം 

Sunday 06 April 2025 1:23 AM IST

#10,000 ലേറെ കോഴ്സുകളുള്ള

15 പോർട്ടലുകൾക്ക് അംഗീകാരം

തിരുവനന്തപുരം: നാലുവർഷ ബിരുദത്തോടൊപ്പം പഠിച്ച്, ഉയർന്ന ശമ്പളമുള്ള ജോലികൾ നേടാൻ ഉതകുന്ന പതിനായിരത്തിലേറെ ഓൺലൈൻ കോഴ്സുകളുള്ള 15 പ്ലാറ്റ്ഫോമുകൾ

കേരളസർവകലാശാല അംഗീകരിച്ചു. കേന്ദ്രസർക്കാരിന്റെയും യു.ജി.സിയുടെയും ഐ.എസ്.ആർ.ഒയുടെയും പോർട്ടലുകൾ ഇവയിൽ ഉൾപ്പെടുന്നു. നൂതന സാങ്കേതികവിദ്യകളടക്കം പഠിപ്പിക്കുന്ന നൈപുണ്യ വികസന, തൊഴിലധിഷ്ഠിത കോഴ്സുകൾ കുറഞ്ഞഫീസിൽ പഠിക്കാം. വിജയിക്കുന്നവർക്ക് അതിന്റെ ക്രെഡിറ്റ് ബിരുദത്തിനൊപ്പം ചേർക്കാം. ഈ അധികക്രെഡിറ്റുപയോഗിച്ച് മൂന്നരവർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാനുമാവും. ബോർഡ്ഒഫ് സ്റ്റഡീസുകൾ അംഗീകരിക്കുന്ന കോഴ്സുകളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.

മൂന്നാംസെമസ്റ്റർ മുതൽ പഠിക്കാം. അഞ്ചാം സെമസ്റ്ററിനകം പൂർത്തിയാക്കണം. രണ്ടു മുതൽ നാലുവരെ ക്രെഡിറ്റുകളാണ് ഓരോ കോഴ്സിനും.ഒരേസമയം ഒന്നിൽകൂടുതൽ കോഴ്സിന്ചേരാം

ഒരു ബിരുദ സെമസ്റ്ററിൽ കോളേജിൽ നിർബന്ധമായി പഠിച്ച് നേടേണ്ടത് 21 മുതൽ 23 ക്രെഡിറ്റുകളാണ്. 28 ക്രെഡിറ്റ് വരെ നേടാൻ അവസരമുണ്ട്. ബിരുദ വിഷയവുമായി ബന്ധപ്പെട്ട ഓൺലൈൻ കോഴ്സുകളിലൂടെ 28 ക്രെഡിറ്റിലെത്താം.ഇങ്ങനെ അധികം നേടുന്ന അഞ്ചുവീതം ക്രെഡിറ്റുകൾ അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റിൽപ്പെടുത്തും. ഈ ക്രെഡിറ്റുപയോഗിച്ച് അവസാന സെമസ്റ്റർ പഠനമൊഴിവാക്കി രണ്ടരവർഷംകൊണ്ട് ബിരുദവും മൂന്നരവർഷംകൊണ്ട് ഓണേഴ്സും നേടാം.

നൂതന കോഴ്സുകൾ

കേന്ദ്രസർക്കാരിന്റെ നാഷണൽപ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിംഗ് പോർട്ടലിൽ രണ്ടായിരത്തോളം കോഴ്സുകളുണ്ട്. സ്വയംപോർട്ടലിൽ 3700 കോഴ്സുകളുണ്ട്. എൻ.പി.ടി.എൽ പോർട്ടലിൽ നൂതനസാങ്കേതികവിദ്യയിലെ കോഴ്സുകളാണുള്ളത്. ഐ.എസ്.ആർ.ഒയുടെ പോർട്ടലിൽ ആപ്ലിക്കേഷൻ അധിഷ്ഠിത കോഴ്സുകളാണ്. മറ്റ് സർവകലാശാലകളിലും ഓൺലൈൻ പഠനപോർട്ടലുകളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ

സ്വയം(swayam.gov.in), എൻ.പി.ടി.ഇ.എൽ(nptel.ac.in), ഇഗ്നോ(ignou.ac.in), കോഴ്സറ(coursera.org), ഇഡിഎക്സ് (edx.org), ഫ്യൂച്ചർ സ്കിൽസ് പ്രൈം(futureskillsprime.in), യു.ജി.സി മൂക്(ugcmoocs.inflibnet.ac.in), നാഷണൽ എഡ്യൂക്കേഷണൽ അലയൻസ് ഫോർ ടെക്നോളജി (neat.aicte-india.org), നാഷണൽ ഓപ്പൺ സ്കൂളിംഗ് (nios.ac.in), സ്കിൽ ഇന്ത്യപോർട്ടൽ(skillindia.gov.in), ഐ.എസ്.ആർ.ഒ ഓൺലൈൻ പ്ലാറ്റ്ഫോം (elearning.iirs.gov.in), ഇ-പി.ജി പാഠശാല(epgp.inflibnet.ac.in), എൻ.സി.ഇ.ആർ.ടി ഓൺലൈൻ ലേണിംഗ് (ncert.nic.in), എം.ഐ.ടി ഓപ്പൺ കോഴ്സ്(ocw.mit.edu)

''ടെക്നോളജിയിലും തൊഴിൽ-നൈപുണ്യവികസനത്തിലുമുള്ള നൂതന കോഴ്സുകളാണിവ. വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം. ഉന്നതവിദ്യാഭ്യാസത്തിൽ മാറ്റത്തിന്റെ തുടക്കമാണിത്. തൊഴിൽമേഖലയിൽ ഏറ്റവും ഡിമാന്റുള്ളവയാണ് കോഴ്സുകൾ''

-ഡോ.കെ.എസ്.അനിൽകുമാർ

രജിസ്ട്രാർ, കേരളസർവകലാശാല