കരാറുകാരുടെ അലംഭാവം: കാലതാമസം നേരിട്ടത് അഞ്ച് ജലവൈദ്യുത പദ്ധതികൾക്ക്
കൊച്ചി: കരാറുകാരുടെ അലംഭാവം മൂലം സംസ്ഥാനത്ത് കാലതാമസം നേരിട്ടത് അഞ്ച് ജലവൈദ്യുത പദ്ധതികൾക്ക്. പ്രതീക്ഷിച്ചതിന്റെ നാലിലൊന്നു പോലും പൂർത്തിയാക്കാത്ത പദ്ധതികളുണ്ട്..തൊട്ടിയാർ ജലവൈദ്യുത പദ്ധതി, പള്ളിവാസൽ വിപുലീകരണ പദ്ധതി, ഭൂതത്താൻകെട്ട്, പഴശി ചെറുകിട ജലവൈദ്യുത പദ്ധതികൾ, ചെങ്കുളം ഓഗ്മെന്റേഷൻ പദ്ധതി എന്നിവയ്ക്കാണ് ദീർഘകാലം തടസം നേരിട്ടത്.
1 .തൊട്ടിയാർ
(40 മെഗാവാട്ട്)
2009ൽ ആരംഭിച്ചു. കരാറുകാരന്റെ അനാസ്ഥ മൂലം വൈകി. വെവ്വേറെ വിഭജിച്ച് 2018ൽ പുതുക്കിയ കരാർ നൽകി. 2024 ഒക്ടോബറിൽ പൂർത്തീകരിച്ചു. പൂർത്തീകരണത്തിന് 15വർഷം.
2 പള്ളിവാസൽ
(60 മെഗാവാട്ട്)
2006ൽ തുടക്കം. പ്രതിവർഷം 153.90 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനം ലക്ഷ്യം. മുടങ്ങിക്കിടന്ന പദ്ധതി 2018ൽ പുതുക്കിയ കരാർ നൽകി പുനരാരംഭിച്ചു. നിലവില് രണ്ട് മെഷീനുകളുടേയും മെക്കാനിക്കൽ സ്പിന്നിംഗ് പൂർത്തിയായി. 2024 നവംബറിൽ രണ്ടു മെഷീനുകൾ ഗ്രിഡ്ഡുമായി ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിച്ചു.
3 ഭൂതത്താൻകെട്ട്
(24 മെഗാ വാട്ട്)
2014ൽ ആരംഭം. പ്രതിവർഷം 83.50 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനം ലക്ഷ്യം. യന്ത്രഭാഗങ്ങളുടെ ഇറക്കുമതിക്ക് കാലതാമസം നേരിടുന്നു. കരാറുകാരന് ടെർമിനേഷൻ നോട്ടീസ് നൽകാനും റീടെൻഡറിംഗിലേക്ക് നീങ്ങാനും ഡയറക്ടർ ബോർഡ് തീരുമാനം.
4 ചെങ്കുളം
ഓഗ്മെന്റേഷൻ
2009ൽ ആരംഭം. പ്രതിവർഷം 85മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനം ലക്ഷ്യം. തുരങ്ക നിർമ്മാണം മുടങ്ങി. വിവിധ ഏജൻസികളുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ റൂട്ടിലൂടെ പുനരാരംഭിച്ചു. 15 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ ശ്രമം.
5 പഴശി
(7.50 മെഗാവാട്ട്)
2017ൽ ആരംഭം. ലക്ഷ്യമിട്ടത് പ്രതിവർഷം 25.16 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനം. സിവിൽ ജോലി 42.67 ശതമാനവും ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തി 33 ശതമാനവും മാത്രമാണ് പൂർത്തീകരിച്ചത്.സിവിൽ കരാർ റദ്ദാക്കി വീണ്ടും ടെൻഡർ ക്ഷണിച്ചു.
വിദഗ്ദ്ധ എജൻസികളുടെ സഹായത്തോടെ പ്രശ്‌നങ്ങൾ പരിഹരിച്ച്
വരുകയാണ്. -കെ. കൃഷ്ണൻകുട്ടി വൈദ്യുതി മന്ത്രി